ഇടിമിന്നലില്‍ ഫ്രിഡ്ജ് കത്തിനശിച്ചു-ഉപകരണങ്ങള്‍ക്കും നാശനഷ്ടം.

കുഞ്ഞിമംഗലം: ഇടിമിന്നലില്‍ വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച ഫ്രിഡ്ജിന് തീപിടിച്ചു, വീട്ടിലെ മറ്റ് വൈദ്യുതോപകരണങ്ങള്‍ക്കും അടുക്കളയിലെ സാധന സാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

കുഞ്ഞിമംഗലം മണ്ണാംചാല്‍ കടാങ്കോട്ട് മാക്കം ഭഗവതിക്ഷേത്രത്തിന് സമീപത്തെ താഴെ വീട്ടില്‍ രജനിയുടെ വീട്ടിലെ ഫ്രിഡ്ജിനാണ് തീപിടിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

പൊട്ടിത്തെറിയോടെ ഫ്രിഡ്ജ് കത്തുന്നത് കണ്ട് വീട്ടുകാര്‍ പയ്യന്നൂര്‍ അഗ്നിശമനകേന്ദ്രത്തെ അറിയിക്കുകയായിരുന്നു.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.ടി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കുതിച്ചെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.രാജേഷ്, പി.വി.നികേഷ്, ഡ്രൈവര്‍ രജിലേഷ്, ഹോംഗാര്‍ഡ് എം.രാജീവന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

13 വര്‍ഷമായി ഉപയോഗിച്ചുവരുന്ന എല്‍.ജി കമ്പനിയുടെ സംഗിള്‍ ഡോര്‍ ഫ്രിഡ്ജ് പൂര്‍ണമായും കത്തിനശിച്ചു.

ഇടിമിന്നലില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഏകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.