വാറ്റുചാരായവും വാഷും പിടിച്ചെടുത്ത് ശ്രീകണ്ഠാപുരം എക്‌സൈസ്.
ശ്രീകണ്ഠാപുരം: രണ്ടര ലിറ്റര്‍ ചാരായം വീട്ടില്‍ സൂക്ഷിച്ചതിന് കാഞ്ഞിരക്കൊല്ലി-ചിറ്റാരി പ്രദേശത്തെ പ്രധാന ചാരായ വില്‍പ്പനക്കാരനായ യുവാവിന്റെ പേരില്‍ അബ്കാരി കേസെടുത്തു. ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പയ്യാവൂര്‍, പൈസക്കിരി, കാഞ്ഞിരക്കൊല്ലി-ചിറ്റാരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാഞ്ഞിരക്കൊല്ലി-ചിറ്റാരി പ്രദേശം കേന്ദ്രീകരിച്ച് വാറ്റുചാരായം വില്‍പ്പന നടത്തിവന്ന കണ്ണാവീട്ടില്‍ ഉണ്ണി എന്ന കെ.കെ.അനൂപ്(28)എന്നയാളുടെ വീട്ടില്‍ സൂക്ഷിച്ചുവെച്ച ചാരായമാണ് കണ്ടെടുത്തത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. പ്രതി എക്‌സൈസ് വരുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
പയ്യാവൂര്‍: ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച 85 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം കണ്ടെടുത്ത് അബ്കാരി കേസെടുത്തു. കാഞ്ഞിരക്കൊല്ലി ചിറ്റാരി – ചീരമറ്റം തോട്ടുചാലിന് സമീപത്തുവെച്ചാണ് ഇത് കണ്ടെടുത്തത്. ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍ സജീവിന്റെ നേതൃത്വത്തില്‍ പയ്യാവൂര്‍, കുന്നത്തൂര്‍പാടി, കാഞ്ഞിരക്കൊല്ലി-ചിറ്റാരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചിറ്റാരി-ചീരമറ്റം തോട്ടുചാല്‍ കേന്ദ്രികരിച്ച് നടത്തിവന്ന വാറ്റുകേന്ദ്രവും, താല്കാലിക ഷെഡും എക്‌സൈസ് സംഘം തകര്‍ത്തു. റെയ്ഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.എ.രഞ്ജിത്ത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ഷിബു, അഖില്‍ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.കെ.മല്ലിക, ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.