വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം-

തളിപ്പറമ്പ്: വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 1,27,00,000/ (ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി വിധി.

കണ്ണൂര്‍ വാരം സ്വദേശി സോജി ജോസഫ്(28) 2018 ഡിസംബര്‍ 15-ാം തീയതി തിരുവനന്തപുരം ജില്ലയിലെ വലിയമല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍

കെ.എസ്.ആര്‍.ടി സിയുടെ ബസ്സിടിച്ച് മരണപ്പെട്ട സംഭവത്തിലാണ് സോജിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും പ്രായപൂര്‍ത്തിയാകാത്ത 2 മക്കള്‍ക്കും 1,27,00,000/ (ഒരു കോടി ഇരുപത്തേഴ് ലക്ഷം രൂപ)

ഭാവിയില്‍ 8% പലിശ സഹിതം നഷ്ടപരിഹാരം കൊടുക്കാന്‍ കെ.എസ്.ആര്‍.ടി. എം.ഡിക്കും കെ.എസ്. ആര്‍.ടി.സി ഡ്രൈവര്‍ക്കുമെതിരെ എതിരെ തലശ്ശേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജ് കെ.പി.തങ്കച്ചന്‍ വിധി കല്‍പ്പിച്ചത്.

അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസം തിരുവനന്തപുരത്ത് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു സോജി.

അപകടത്തിനു ഉത്തരവാദിയായ കെ.എസ്.ആര്‍.ടി ബസിന് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉണ്ടായിരുന്നില്ല.

വിധിയെ തുടര്‍ന്ന് വിധിതുക ഈടാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ അന്തര്‍ സംസ്ഥാന ബസ്സുകളും ജപ്തി ചെയ്യാനുള്ള നടപടി സോജിയുടെ കുടുംബം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ.സജി സഖറിയാസ് ഹാജരായി.