മാടായിലെ ചുമട്ടുതൊഴിലാളി സമരം ശക്തിപ്പെടുത്താന്‍ തീരുമാനം- മാര്‍ച്ച് 10 ന് തൊഴില്‍ നിഷേധത്തിനെതിരെ ചുമട്ടുതൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും

പഴയങ്ങാടി: മാടായിയിലെ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നിഷേധിക്കുന്ന നടപടിയില്‍ പ്രതിക്ഷേധിച്ച് സമരം ശക്തിപ്പെടുത്താന്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ സി ഐ ടി യു മാടായി ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തില്‍ ഐ.വി.ശിവരാമന്‍ അധ്യക്ഷത വഹിച്ചു.
മാര്‍ച്ച് 10ന് വൈകുന്നേരം 4 മണിക്ക് പഴയങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന പ്രതിക്ഷേധ പ്രകടനവും മാടായി ശ്രീപോര്‍ക്കലി സ്റ്റീല്‍സിന് മുന്നില്‍ നടക്കുന്ന പൊതുയോഗവും സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്യും.

യൂണിയന്‍ നേതാക്കളായ കെ.പി രാജന്‍, പി വി കുഞ്ഞപ്പന്‍, വി വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. കഴിഞ്ഞ 23 ദിവസമായി വ്യാപരശാലക്ക് മുന്നില്‍ തൊഴിലാളികള്‍ സമരത്തിലാണ്.

ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്ത നിലപാടാണ് വ്യാപാരശാല ഉടമ സ്വീകരിച്ചത്.

ഇത് തൊഴിലാളികളോട് കാണിക്കുന്ന അനീതിയാണ്. അതിനാല്‍ സമരം പൂര്‍വ്വാധികം ശക്തിയായി വിജയം വരെ നടത്താനാണ് ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.

മാടായി, ഏഴോം പ്രദേശത്ത് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൊഴില്‍ കാര്‍ഡ് ലഭിച്ച 30 തൊഴിലാളികള്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നുണ്ട്.

ഇതുവരെ ഒരു തൊഴില്‍ പ്രശ്‌നവും ഈ മേഖലയില്‍ ഉണ്ടായില്ലെന്നുമാത്രമല്ല, തൊഴിലാളികളും തൊഴിലുടമകളും തികച്ചും സൗഹാര്‍ദപരമായാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍, മാടായിയില്‍ അടുത്ത കാലത്ത് തുടങ്ങിയ ശ്രീ പോര്‍ക്കാലി സ്റ്റീല്‍സ് ഉടമ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നില്ല. പ്രശ്‌നം സംസാരിച്ചപ്പോള്‍ ഉടമ തൊഴില്‍ നല്‍കാന്‍ സമ്മതിച്ചതുമാണ്.

ഇതുലംഘിച്ച് തുടര്‍ദിവസങ്ങളിലും പുറമെനിന്ന് ആളുകളെക്കൊണ്ട് ലോഡിറക്കി. തൊഴിലാളികള്‍ വീണ്ടും ഉടമയെ സമീപിച്ചെങ്കിലും ഇഷ്ടമുള്ള ആളെ വച്ച് ജോലി ചെയ്യിക്കും എന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുള്ള പ്രതികരണം.

തുടര്‍ന്നും രണ്ട് തവണ ലോഡിറക്കി. പിന്നീട് പഴയങ്ങാടി പൊലീസിന്റെ സാന്നിധ്യത്തിലും ചര്‍ച്ച നടത്തി. സ്ഥാപന ഉടമ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെന്നുമാത്രമല്ല,

തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സമീപനമാണുണ്ടായതും. തുടര്‍ന്നാണ് സിഐടിയു നേതൃത്വത്തില്‍ സമരം തുടങ്ങിയത്.