പുതിയങ്ങാടി ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ അഴിമതി-മുന്‍ അസി.എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം–

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ബസ്റ്റാന്റ് നിര്‍മാണത്തിലെ അപാകതയില്‍ വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം.

മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ അന്വേഷണത്തിനായി കണ്ണൂര്‍ പി ഐ യു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി.നിഷയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

പൊതുമരാമത്ത് വകുപ്പ് അണ്ടര്‍ സെക്രട്ടറി ടി മേയോ ഭാസ്‌കരാണ് ഉത്തരവിട്ടത്. 11,43,067 രൂപ ചെലവഴിച്ച് 2005-ലാണ് പുതിയങ്ങാടിയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിച്ചത്.

നിര്‍മ്മാണത്തിലെ അവ്യക്തത നാട്ടുകാര്‍ ആദ്യം മുതല്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

മുസ്ലിം ലീഗ് ഭരിക്കുന്ന മാടായി പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളുടെ ബിനാമികള്‍ ആണ് പ്രവൃത്തി ഏറ്റെടുത്തതതെന്ന പരാതി വ്യാപകമായിരുന്നു.

തുടക്കം മുതല്‍ അഴിമതിയായിരുന്നു നടന്നിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

ഉദ്ഘാടനം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ സ്റ്റാന്റില്‍ ബസ് കയറുന്നതിന് ആര്‍ ടി ഒ അനുവാദം നല്‍കിയിരുന്നില്ല.

ശുചിമുറികള്‍, ക്ലോക്ക് റൂമുകള്‍ എന്നിവയൊന്നും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബസ് സ്റ്റാന്‍ഡ് തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരനായ ഒ.പി. ഫഹീദ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

വിജിലന്‍സ് ബസ്റ്റാന്‍ഡിലും, ബന്ധപ്പെട്ട രേഖകള്‍ക്കായി മാടായി പഞ്ചായത്ത് ഓഫീസിലും മിന്നല്‍ പരിശോധന നടത്തുകയും, ധാരാളം ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു.

ഇതിനെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിഷയെ നിയമിച്ചത്.

ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നടത്തി തദ്ദേശസ്വയംഭരണ വകുപ്പിന് സമര്‍പ്പിക്കണം.

ഉദ്ഘാടനം കഴിഞ്ഞ് 16 വര്‍ഷമായിട്ടും പുതിയങ്ങാടിയിലെ ബസ്റ്റാന്‍ഡ് കാടുമൂടിയ അവസ്ഥയിലാണ്.