മംഗളം വാരികയുടെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി-

കോട്ടയം: ഒരു കാലഘട്ടത്തിന്റെ ജനപ്രിയ വാരികയായ മംഗളം വാരികയുടെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി.

ന്യൂസ് പ്രിന്റിന്റെ വിലക്കയറ്റവും ക്ഷാമവും കാരണമാണ് പ്രസിദ്ധീകരണം നിര്‍ത്തിവെച്ചത്.

മംഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പായി നിര്‍ത്തിയിരുന്നു.

കന്യക, സിനിമാമംഗളം, ആരോഗ്യമംഗളം, ജ്യോതിഷഭൂഷണം എന്നിവയാണ് നിര്‍ത്തിയത്.

വാരികയുടെ 50 പേജുകള്‍ അടുത്തിടെ 35 പേജായി കുറച്ചിരുന്നു. എന്നിട്ടും പിടിച്ചുനില്‍ക്കാനാവാതെ വന്നതാണ് താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് സൂചന.

1969 ല്‍ മാസികയായി പ്രസിദ്ധീകരിച്ചുതുടങ്ങിയ മംഗളം വായനയുടെ രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.

1984 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യാവന്‍കരയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന റിക്കാര്‍ഡ് സ്വന്തമാക്കി.

ഇത് ഭേദിക്കാന്‍ ഒരു പ്രസിദ്ധീകരണത്തിനും ഇന്നും സാധിച്ചിട്ടില്ല.

കോവിഡ് പ്രതിസന്ധിയോടൊപ്പം ന്യൂസ്പ്രിന്റ് വിലവര്‍ദ്ധനയും വാരികയെ പ്രതിസന്ധിയിലെത്തിച്ചു.