കണ്ടലുകളുടെ രക്ഷകരെവിടെ—നികത്തല്‍ വ്യാപകം
പിലാത്തറ: റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങളുപയോഗിക്കുന്നത് കണ്ടല്‍കാടുകള്‍ നികത്താന്‍.

കുഞ്ഞിമംഗലം പഞ്ചായത്തിലാണ് വ്യാപകമായി കണ്ടല്‍കാടുകള്‍ നശിപ്പിച്ച് ചതുപ്പ് നിലങ്ങള്‍ നികത്തിക്കൊണ്ടിരിക്കുന്നത്.
കുഞ്ഞിമംഗലം എടാട്ട് തുരുത്തിയിലാണ് പരിസ്ഥിതിലോല പ്രദേശങ്ങായ ചതുപ്പ് നിലങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നത്.
കുന്നുകളിടിച്ച് ടിപ്പറുകളിലെത്തിക്കുന്ന മണ്ണിനൊപ്പം ദേശീയപാതാ വികസനത്തില്‍ പൊളിച്ച് മാറ്റിയ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളടക്കം ഇവിടെ കൊണ്ട് തള്ളുകയാണ്.
പെരുമ്പ പുഴയുടെ കൈവഴിയായി പ്രകൃതിയുടെ വരദാനമായി പരന്ന് കിടക്കുന്ന തുരുത്തി കായല്‍ പ്രദേശങ്ങളിലാണ് നികത്തല്‍ തകൃതിയായി നടക്കുന്നത്.
ആദ്യം താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണ് കൂട്ടിയിടുകയും പിന്നീട് പുഴയോരം വരെ വ്യാപിപ്പിക്കുകയുമാണ്.
എടനാട് പുല്ലങ്കോട് പുഴയോരം, എടാട്ട് മുണ്ടത്തടം, തുരുത്തി ഭാഗങ്ങളിലാണ് ചതുപ്പ് നിലംനികത്തല്‍ വ്യാപകമായുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ വനശേഖരമുള്ള കണ്ണൂര്‍ ജില്ലയിലെ പ്രധാന കണ്ടല്‍ സങ്കേതമാണ് ഇവിടെ.
കുഞ്ഞിമംഗലത്ത് മാത്രമല്ല, ജില്ലയിലെ മറ്റൊകു പ്രധാന കണ്ടല്‍ മേഖലയായ വളപട്ടണത്തും തകൃതിയായ തണ്ണീര്‍തടം നികത്തല്‍ നടക്കുകയാണ്.
പരിസ്ഥിതി സംഘടനകള്‍ ചേര്‍ന്ന് ഏക്കറോളം ചതുപ്പ് നിലം ഏറ്റെടുത്ത് കണ്ടല്‍ വനം നട്ടു സംരക്ഷിക്കുന്ന പ്രദേശങ്ങളും ഈ ഭാഗത്താണ്.
ഇതിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് നികത്തല്‍ വ്യാപകമായിട്ടുള്ളത്.
പൗരാവകാശ പരിസ്ഥിതി പ്രവര്‍ത്തകര്‍ പലതവണ ചൂണ്ടിക്കാട്ടിയിട്ടും പരാതിപ്പെട്ടിട്ടും ഇതിന് പരിഹാരമുണ്ടാകാത്ത സ്ഥിതിയാണ്.
കുഞ്ഞിമംഗലം തുരുത്തിയില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് പരിസ്ഥിതി ലോല മേഖലയില്‍പെട്ട അതീവ പരിസ്ഥിതി പാധാന്യമുള്ള പ്രദേശത്ത് കണ്ടെലുകള്‍ വെട്ടി പുഴയിലേക്ക് മണ്ണിട്ട് നികത്തുന്നത്.
