അച്ഛനമ്മമാരെ ഒഴികെ എന്തുംകിട്ടും-തോമസ് കൊന്നക്കലിന്റെ മാര്‍ക്കറ്റിംഗ് ഗ്രൂപ്പുകള്‍ കുതിക്കുന്നു-
തളിപ്പറമ്പ്: അച്ഛനമ്മാരെ ഒഴികെ എന്തു കിട്ടുന്ന മാര്‍ക്കറ്റിഗ് ഗ്രൂപ്പുകള്‍ മലയോര കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കി മുന്നേറുന്നു.
കേവലം രണ്ട് മാസം കൊണ്ട് 31 ഗ്രൂപ്പുകളും 30,000 അംഗങ്ങളുമായി ഗ്രൂപ്പുകള്‍ കുതിക്കുകയാണ്.
ഇടനിലക്കാരുടെ സഹായമില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും കഴിയും എന്നതിന് പുറമെ ഗ്രൂപ്പ് ഇപ്പോള്‍ എല്ലാ മേഖലയിലും നിര്‍ണായക സ്വാധീനം ചെലുത്തിക്കഴിഞ്ഞു.
ചെമ്പന്തൊട്ടിയിലെ കെ.ജെ.തോമസ് കൊന്നക്കല്‍ എന്ന കര്‍ഷകന്റെ മനസില്‍ രൂപപ്പെട്ട മാര്‍ക്കറ്റിംഗ് ഗ്രൂപ്പിന് ഇപ്പോള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ക്ക് പുറമെ വയനാട്ടിലും സ്വാധീനം രൂപപ്പെട്ടുകഴിഞ്ഞു.
താന്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിഭവങ്ങള്‍ ബാക്കിവന്നപ്പോള്‍ ചെമ്പന്തൊട്ടിയിലെ ചെമ്പന്തൊട്ടി ലൈവ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോഴുണ്ടായ പ്രതികരണങ്ങളില്‍ ആവേശം കൊണ്ടാണ് ചെമ്പന്തൊട്ടി മാര്‍ക്കറ്റ് എന്ന പേരില്‍ ഗ്രൂപ്പിന് രൂപം നല്‍കാന്‍ തോമസ് തീരുമാനിച്ചത്.
ഇപ്പോള്‍ ഓരോ ദിവസവും ഓരോ പ്രദേശത്ത് പുതിയ ഗ്രൂപ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കയാണ്.
ആയിരക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇതുവഴി എല്ലാ ദിവസവും നടക്കുന്നത്.
തേങ്ങയിടാന്‍ ആളെ വേണമെങ്കിലോ എ.സി നന്നാക്കണമെങ്കിലോ ഗ്രൂപ്പിലിട്ടാല്‍ മതി. ആളെ കിട്ടും.
കന്നുകാലികള്‍, കോഴി, പട്ടി, പൂച്ച, തേന്‍, ആട്ടിന്‍കൂട് തുടങ്ങി എന്തും ഗ്രൂപ്പിലൂടെ അന്വേഷിക്കാം. വാടകയ്ക്ക് വീട് വേണ്ട വര്‍ക്കും സ്ഥലം വില്‍ക്കേണ്ടവര്‍ക്കും ഉപകാരപ്പെടുന്നുണ്ട്.
ജോലി അന്വേഷണത്തിനും കുടുംബശ്രീ, കുടില്‍വ്യവസായം എന്നിവയുടെ ഉത്പന്നങ്ങളുടെ വിപണനത്തിനും ഗ്രൂപ്പുകള്‍ സഹായകരമാണെന്ന് കൃഷിക്കാരുള്‍പ്പെടെ പറയുന്നു.
എന്തെങ്കിലും വില്‍ക്കാനോ വാങ്ങാനോ ഉണ്ടെങ്കില്‍ വിവരം ഫോണ്‍ നമ്പര്‍ സഹിതം ഗ്രൂപ്പിലിട്ടാല്‍ മതി നിമിഷങ്ങള്‍ക്കകം അന്വേഷണങ്ങളുണ്ടാവും.
ഒരു പൈസപോലും ചെലവില്ലാതെയാണ് ഈ വിപണനം നടക്കുന്നത്.
കാര്‍ഷിക-വ്യാപാര-വിപണനരംഗത്ത് വിപ്ലവകരമായ ഒരു തുടക്കമാണ് തോമസ് കൊന്നക്കല്‍ ഇതിലൂടെ നടത്തിയിരിക്കുന്നത്.
ഗ്രൂപ്പുകള്‍ വളര്‍ന്നതോടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനായി പ്രത്യേക അഡ്മിന്‍ പാനലിനും തോമസ് രൂപം നല്‍കിയിട്ടുണ്ട്.
ഗ്രൂപ്പിന്റെ മാനദണ്ഡങ്ങല്‍ പാലിക്കാത്ത സന്ദേശങ്ങള്‍ പെട്ടെന്ന് തന്നെ നീക്കം ചെയ്യാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തോമസ് കൊന്നക്കലിന്റെ ഫോണ്‍:-8848403295.