ശുദ്ധഗതിക്കാരുടെ തമാശ–മറുനാട്ടിലെ മലയാളിക്ക് 51 വയസ്-

ആന്റണി ഭാസ്‌ക്കര്‍ രാജ് എന്ന ആലപ്പുഴ സ്വദേശിയായ സിനിമാ സംവിധായകനെ അധികമാരും അറിയില്ലെങ്കിലും എ.ബി.രാജ് എന്ന സംവിധായകനെ ഒരു തലമുറ ഓര്‍ക്കാതിരിക്കില്ല.

ക്രൈംത്രില്ലര്‍ സിനിമകളുടെ ആശാനായ എ.ബി.രാജ് 49 മലയാളം സിനിമകള്‍ സംവിധാനം ചെയ്തു.

1968 ലെ കളിയല്ല കല്യാണം മുതല്‍ 85 ലെ ഓമനിക്കാന്‍ ഓര്‍മ്മവെക്കാന്‍ വരെ.

ഹരിഹരന്‍, ഐ.വി.ശശി, പി.ചന്ദ്രകുമാര്‍, കെ.ജി.രാജശേഖരന്‍ എന്നിവര്‍ എ.ബി.രാജിന്റെ സഹായികളായാണ് സിനിമാരംഗത്ത് വന്നത്. ലൈറ്റ്ഹൗസ്, അനക്കളരി, കഴുകന്‍, അഗ്നിശരം, ആക്രോശം എന്നീ സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ്.

ഡെയിഞ്ചര്‍ ബിസ്‌ക്കറ്റ്, കണ്ണൂര്‍ ഡീലക്‌സ്, ലോട്ടറി ടിക്കറ്റ്, സംഭവാമി യുഗേ യുഗേ, മറുനാട്ടില്‍ ഒരു മലയാളി, നൃത്തശാല, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, അടിമച്ചങ്ങല, ഇരുമ്പഴികള്‍, താളം തെറ്റിയ താരാട്ട്, മനസേ നിനക്കുമംഗളം എന്നിവ എ.ബി.രാജിന്റെ പ്രധാന സിനിമകളാണ്.

സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലുള്ള അടിമച്ചങ്ങല പോലുള്ള സിനിമകള്‍ ഈ സംവിധായകന്റെ അസാധാരണ കയ്യടക്കത്തിന്റെ ഉദാഹരണമാണ്.

എ.ബി.രാജിന്റെ അതീവസുന്ദരവും രസകരവുമായ ഒരു സിനിമയാണ് 51 വര്‍ഷം മുമ്പ് 1971 സപ്തംബര്‍ 24 ന് റിലീസ് ചെയ്ത മറുനാട്ടില്‍ ഒരു മലയാളി. ജയ്മാരുതിയുടെ ബാനറില്‍ ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച ഈ സിനിമയില്‍ പ്രേംനസീര്‍, വിജയശ്രീ, അടൂര്‍ഭാസി, ശങ്കരാടി, എസ്.പി.പിള്ള, പറവൂര്‍ ഭരതന്‍, ആലുംമൂടന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, പ്രമീള, സാധന,ഫിലോമിന, പാലാ തങ്കം, ഗോവിന്ദന്‍കുട്ടി, പോള്‍ വെങ്ങോല, ദേശമംഗലം രാമവര്‍മ്മ, പഞ്ചാബി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.

ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ദക്ഷിണാമൂര്‍ത്തി.

പശ്ചാത്തലസംഗീതം-ആര്‍.കെ.ശേഖര്‍. കഥ,തിരക്കഥ, സംഭാഷണം എസ്.എല്‍.പുരം സദാനന്ദന്‍, ക്യാമറ പി.ദത്തന്‍, എഡിറ്റിംഗ് ബി.എസ്.മണി, പരസ്യം-എസ്.എ.നായര്‍. ജിയോ പിക്‌ച്ചേഴ്‌സും അസോസിയേറ്റഡ് പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിച്ചത്.

മദ്രാസ് പട്ടണത്തില്‍ മലയാളിയായ ഒരാള്‍ നടത്തുന്ന ഹോട്ടലില്‍ ജോലിതേടിയെത്തുന്ന മലയാളിയായ മാത്യു എന്ന യുവാവിന്റെ കഥയാണ് അതീവ രസകരമായി എ.ബി.രാജ് പറയുന്നത്. തമാശകളിലൂടെ നീങ്ങുന്ന കഥ ഒരു പ്രേമത്തിന്റെ സാക്ഷാത്ക്കാരത്തിലൂടെ അവസാനിക്കുന്നു.

ഗാനങ്ങള്‍(രചന-ശ്രീകുമാരന്‍തമ്പി-സംഗീതം-ദക്ഷിണാ മൂര്‍ത്തി)

1-അശോകപൂര്‍ണ്ണിമ വിടരും വാനം-യേശുദാസ്.

2-ഗോവര്‍ദ്ധനഗിരി-എസ്.ജാനകി.

3-കാളി ഭദ്രകാളി കാത്തരുളൂ ദേവി-ജയചന്ദ്രന്‍, ലീല.

4-മനസിലുണരൂ ഉഷസന്ധ്യയായ്-എസ്.ജാനകി.

5-സ്വര്‍ഗ്ഗവാതിലേകാദശി-പി.ലീല.