മാതമംഗലം ചൈനയിലല്ല—-പക്ഷെ, കേരളത്തിലാണ്-

മാതമംഗലം: വിലക്കപ്പെട്ട കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ഒന്നുകില്‍ തെറിവിളി, അല്ലെങ്കില്‍ തല്ല്.

മാതമംഗലം പേരൂല്‍ റോഡിലെ എസ്സാര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വേര്‍ഡ് ഷോപ്പിലെത്തുന്നവര്‍ക്കാണ് ഈ ദുരനുഭവം.

2021 ആഗസ്റ്റിലാണ് മയ്യില്‍ ചെക്കിക്കുളം സ്വദേശി റബിഹ് ഒന്നേകാല്‍ കോടി രൂപയോളം മുതല്‍മുടക്കി കട ആരംഭിച്ചത്.

കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിന് ഹെക്കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

\നേരത്തെ തന്നെ നോക്കുകൂലിയുടെ പേരില്‍ അടിയും അക്രമവും കേസും ഇവിടെ നടന്നിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വൈകുന്നേരം ഇവിടെനിന്ന് പൈപ്പ് വാങ്ങിയതിന് എരമം-കുറ്റൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാടിന്(30)മര്‍ദ്ദനമേറ്റത്.

പ്രജീഷ് ചെമ്പാട്, മബീഷ് തുമ്പത്തടം, രഞ്ജിത്ത് പുനിയങ്കോട് എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.

ഇവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തിട്ടുണ്ട്. മാതമംഗലം പെട്രോള്‍പമ്പിന് സമീപത്തുവെച്ചാണ് അഫ്‌സലിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

പെരിങ്ങോം പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരുടെ സുരക്ഷയോടെയാണ് ഉദ്ഘാടനം ചെയ്തതുമതല്‍ ഇവിടെ കച്ചവടം നടക്കുന്നത്.

കടയുടെ പരിസരത്ത് വന്ന് സാധനം വാങ്ങുന്നവരുടെ സുരക്ഷ മാത്രമേ തങ്ങള്‍ക്ക് ഏറ്റെടുക്കാനാവൂ എന്നാണ് പോലീസ് നിലപാട്. ഇതുകാരണം ഈ കടയില്‍ കച്ചവടം നാമമാത്രമാണ്.

മറ്റിടങ്ങളില്‍ ഇവര്‍ക്കുള്ള കച്ചവടം കൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്.

സി.ഐ.ടി.യു ഭീഷണിക്കെതിരെ പോലീസിന് ഒന്നും തന്നെ ചെയ്യാനാവുന്നില്ലെന്നും കയ്യൂക്കിന്റെ ബലത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും കടയുടമ പറയുന്നു.

സാധനങ്ങള്‍ വാങ്ങി തിരിച്ചുപോകുന്നവരെ തടഞ്ഞുനിര്‍ത്തി തിരിച്ചുകൊടുപ്പിച്ച് വിടുന്ന അവസ്ഥയുമുണ്ടെന്ന് ഇവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ലോഡുമായി വന്ന ലോറി െ്രെഡവര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. പെരിങ്ങോം പോലീസിന് പുറമെ പയ്യന്നൂര്‍

ഡിവൈ.എസ്.പി, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവര്‍ക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് ഉടമകള്‍ പറയുന്നത്.