മാതമംഗലത്തേക്കുള്ള വഴി പറഞ്ഞുകൊടുക്കാമോ ഇവര്‍ക്ക്—-

മാതമംഗലം: മാതമംഗലത്തെ മൗലികാവകാശലംഘനം തുറന്നുകാട്ടാനും പ്രതികരിക്കാനും യു.ഡി.എഫ് നേതൃത്വം വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന പരാതി കോണ്‍ഗ്രസ് -ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു.

സി.ഐ.ടി.യു തൊഴിലാളികളെ ഭയന്ന് രണ്ട് യുവസംരംഭകര്‍ക്ക് തങ്ങളുടെ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരികയും മര്‍ദ്ദനമേല്‍ക്കേണ്ടിവരികയും ചെയ്തിട്ടും കെ.പി.സി.സി.പ്രസിഡന്റ്

കെ.സുധാകരനോ എന്തിനും പ്രതികരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ലെന്ന ആക്ഷേപം ശക്തമാണ്.

മാതമംഗലത്തിന്റെ ദേശീയനേതാവ് കെ.സി.വേണുഗോപാലും സന്ദര്‍ശനത്തിന് വന്നില്ല. രാഹുല്‍ഗാന്ധി എം.പിയെപോലുള്ള നേതാക്കള്‍ മാതമംഗലം സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ദേശീയതലത്തില്‍ തന്നെ പ്രശ്‌നം അവതരിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ നേതൃത്വം പൂര്‍ണമായും പരാജയപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കൊടുമ്പിരിക്കൊണ്ട വാഗ്വാദങ്ങള്‍ നടക്കുമ്പോഴും പ്രതിപക്ഷനേതാക്കളുടെ അസാന്നിധ്യം സജീവമായ ചര്‍ച്ചയായി വരികയാണ്.

പ്രത്യേകിച്ചും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ വന്നിട്ടും മാതമംഗലത്തേക്ക് വരാതിരിക്കാനുള്ള കാരണം അജ്ഞാതമാണെന്നും ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും കോണ്‍ഗ്രസ് നേതാക്കളില്‍ വലിയൊരുവിഭാഗം കരുതുന്നുണ്ട്.

വരും ദിവസങ്ങളില്‍ ഇത് പരസ്യമായ ചര്‍ച്ചക്ക് വഴിവെക്കുമെന്നാണ് സൂചന.