നാഗസ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പായി പ്ലാസ്റ്റിക്ക് വലകള്‍-

9495186663 / 7012850494 എന്നീ നമ്പറില്‍ വിളിച്ചാല്‍ റെസ്‌ക്യൂവേര്‍സിന്റെ  സേവനം ലഭ്യമാകും.

തളിപ്പറമ്പ്: ഇണ ചേരാന്‍ എത്തിയ പാമ്പുകള്‍ ഉപേക്ഷിക്കപ്പെട്ട വലയില്‍ കുടുങ്ങി. പാലകുളങ്ങര സി.വി.പ്രസന്നയുടെ വീട്ടുപറമ്പില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വലയിലാണ് രണ്ടര അടി നീളമുള്ള ആണ്‍-പെണ്‍ വിഭാഗങ്ങളില്‍പെട്ട രണ്ട് അണലികള്‍ അകപ്പെട്ടത്.

ഞായറാഴ്ച രാവിലെ 8 മണിക്കാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വീട്ടുകാര്‍ വിവരം വംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ വനം വകുപ്പിന്റെ അംഗീകൃത റെസ്‌ക്യൂവെര്‍സ് അനില്‍ തൃച്ചംബരവും, വിജയ് നീലകണ്ഠനും ചേര്‍ന്ന് വല മുറിച്ചു മാറ്റി പാമ്പുകളെ രക്ഷപെടുത്തി വിട്ടയക്കുകയായിരുന്നു.

വലയില്‍ കുടുങ്ങിയത് വീട്ടുകാര്‍ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ മുറിവേറ്റ് അടുത്ത ദിവസം തന്നെ പാമ്പുകള്‍ മരണപെടുമായിരുന്നു.

രാത്രി നേരത്ത് ഇരതേടുന്ന പാമ്പാണ് അണലി. കുറ്റിക്കാടുകളിലും പുല്‍മേടുകളിലുമാണ് ഇവയെ സാധാരണ കാണുക. വട്ടക്കൂറ, പയ്യാനമണ്ഡലി,കണ്ണാടിവിരിയന്‍, ചേനതണ്ടന്‍ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.

ഇന്ത്യയില്‍ബിഗ് ഫോര്‍ (പാമ്പുകള്‍)ലെ അംഗമാണ്. പ്രായപൂര്‍ത്തിയായ ചേനതണ്ടനില്‍ 150-250 വരെ മില്ലിഗ്രാം വിഷം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇവയുടെ മുട്ട ഉദരത്തില്‍ ആണ് അടവെക്കുക. കുഞ്ഞുകള്‍ ഉദരത്തില്‍ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരിക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഒറ്റ പ്രസവത്തില്‍ 65 വരെ കുഞ്ഞുങ്ങളുണ്ടാകാറുണ്ട്.

2 മുതല്‍ 3 വയസാകുമ്പോള്‍ തന്നെ  ഇവ പ്രത്യുല്‍പ്പാദന ശേഷി കൈവരിക്കുന്നു. സാധാരണ എലികളെയാണ് ഭക്ഷിക്കുന്നത്.

എലികള്‍ കൂടുതല്‍ ഉള്ളതു കൊണ്ടു തന്നെ മനുഷ്യര്‍ താമസിക്കുന്ന സ്ഥലത്ത് ഇവ കൂടുതല്‍ കാണപ്പെടുന്നു.

രാത്രി കാലങ്ങളില്‍ വീടിന് പുറത്തുപോകുമ്പോള്‍ വെളിച്ചം കരുതുന്നതും പാദങ്ങള്‍ മറയുന്ന ചെരുപ്പ് ധരിക്കുന്നതും സുരക്ഷിതമാണ്.