പരിയാരത്തെ വികസന രാജാക്കന്‍മാര്‍ മാവിച്ചേരി ഉപകേന്ദ്രത്തെ മറന്നു.

പരിയാരം: കണ്ണൂര്‍ ജില്ലയില്‍ 16 ആരോഗ്യ ഉപക്ഷേമ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കിയിട്ടും, മാവിച്ചേരി ഉപക്ഷേമ കേന്ദ്രത്തെ അവഗണിച്ചത് പ്രതിക്ഷേധാര്‍ഹമെന്ന് ബി.ജെ.പി.

കുറ്റ്വേരി വില്ലേജില്‍പ്പെട്ട ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പരിയാരം പഞ്ചായത്തിലെ മാവിച്ചേരി പ്രാഥമികആരോഗ്യ ഉപകേന്ദ്രം പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

മാറി മാറി വന്ന സര്‍ക്കാരിലെ ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും അവഗണന മാത്രമാണ് ഫലമെന്ന് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് 10 ലക്ഷം ചെലവാക്കി കെട്ടിടത്തിലുള്ള ഫര്‍ണിച്ചറുകള്‍ മാറ്റുകയും ചുറ്റുമതില്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.

ഈ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എഴ് കിലോമീറ്റര്‍ ദൂരമുള്ള കരിമ്പം താലൂക്കാശുപത്രിയിലേക്ക് ഓട്ടേറിക്ഷക്ക് 150 രുപ കൊടുത്തുള്ള യാത്ര പോലും ഒഴിവാക്കാമായിരുന്നു.

ചെറിയൂര്‍, പനങ്ങാട്ടൂര്‍, കുറ്റ്യേരി, വെളളാവ്, നെല്ലിപ്പറമ്പ് , ചെനയന്നൂര്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയുന്നതാണ് ഈ ഉപകേന്ദ്രം.

ആശുപത്രിയെ , ജനകീയ ആരോഗ്യ കേന്ദ്രമാക്കിയിരുന്നെങ്കില്‍ ആഴ്ച്ചയില്‍ ആറ് ദിവസം പ്രവര്‍ത്തനവും,ഒമ്പത് തരം ലാബ് പരിശോധനകളും 36 തരം മരുന്നുകളും ലഭ്യമാകുമായിരുന്നു.

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും,പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ കുറ്റ്യേരി വില്ലേജിലെ ജനങ്ങളെ തീര്‍ത്തും അവഗണിക്കുകയാണെന്ന് ചെങ്ങുനി രമേശന്‍ ആരോപിച്ചു.

ഇതിനെതിരെ ബി.ജെ.പി. പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.