കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ്; നിര്‍മാണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു-മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ യോഗം

പരിയാരം:കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പരിശോധിക്കും. ഇതിനായി ഒരു നോഡല്‍ ഓഫിസറെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനത്തെ ഏക മെഡിക്കല്‍ കോളേജാണ് പരിയാരത്തേത്.

വടക്കെ മലബാറിന്റെ പ്രധാന ചികിത്സാ കേന്ദ്രം കൂടിയാണിത്. നടപ്പാത, ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യം പരിശോധിക്കും.

മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

എം.വിജിന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ ടി.വി. രാജേഷ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ. അജിത്കുമാര്‍, സൂപ്രണ്ട് ഡോ.കെ. സുദീപ്, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ,

പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എ.മുഹമ്മദ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.ജിഷാകുമാരി, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.സവിത, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.