രണ്ട് സെന്റ് ഭൂമിയില്‍ 400 മരങ്ങളുമായി മിയാവാക്കി മോഡലില്‍ സര്‍പ്പക്കാവ് ഒരുങ്ങുന്നു-
പരിയാരം: മിയാവാക്കി മാതൃകയില്‍ സര്‍പ്പക്കാവ് പുനസൃഷ്ടിക്കാന്‍ വല്ലാര്‍കുളങ്ങര ഭഗവതി കോട്ടം.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി കുഞ്ഞിമംഗലം പഞ്ചായത്തില്‍ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തെക്കുമ്പാട് ശ്രീവല്ലാര്‍കുളങ്ങര കോട്ടം സര്‍പ്പക്കാവ് പുനസൃഷ്ടിക്കുന്നത്.
ഇതിന്റെ ഉദ്ഘാടനം എം.വിജിന്‍ എം.എല്‍.എ കണിക്കൊന്ന മരംനട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.വി. ദീപുഅദ്ധ്യക്ഷത വഹിച്ചു. ഫോക്ക്‌ലാന്റ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍ ആമുഖഭാഷണം നടത്തി.
വാര്‍ഡ് മെമ്പര്‍ വി.ലക്ഷ്മണന്‍, കെ.വി. വാസു, കെ.വി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൃഷി ഓഫീസര്‍ പി.ആര്‍.പ്രതിഭ സ്വാഗതവും വല്ലാര്‍കുളങ്ങര ഭഗവതി കോട്ടം മാനേജിംഗ് ട്രസ്റ്റി കെ.പത്മനാഭന്‍ നന്ദിയും പറഞ്ഞു.
കുഞ്ഞിമംഗലം തെക്കുമ്പാട് ശ്രീവല്ലാര്‍ കുളങ്ങര ഭഗവതി കോട്ടത്തില്‍ രണ്ട് സെന്റ് സ്ഥലത്ത് 400 മരങ്ങളാണ് മിയാ വാക്കി മാതൃകയില്‍ നട്ട് വളര്‍ത്തി കാവ് പുനസൃഷ്ടിക്കുന്നത്.
തണല്‍ മരങ്ങളും വന്‍ മരങ്ങളും ഇടത്തരം മരങ്ങളും ചെറുമരങ്ങളും ഉള്‍പ്പെടുത്തിയിട്ടാണ് വനം സൃഷ്ടിക്കുന്നത്.
സ്വാഭാവിക വനങ്ങളെ അപേക്ഷിച്ച് പത്തിരട്ടി വേഗത്തിലുള്ള വളര്‍ച്ചയും മുപ്പതിരട്ടി നിബിഡതയുമാണ് മിയാവാക്കി വനത്തിന്റെ മേന്മ.
ടി.വി.ബാലന്‍, ടി.വി. ചന്ദ്രന്‍, ശാരദ, ടി.വി. രഞ്ജിത്ത്, എം.ഗീത, ടി.വി.പുഷ്പവല്ലി, ശ്യാംകുമാര്‍, കെ.വി.ബാബുരാജ്, ടി.വി.ഗംഗാധരന്‍, ജനാര്‍ദ്ദനന്‍, ടി.വി. ദാമോദരന്‍, ടി.വി.ഗംഗാധരന്‍, സുനില്‍കുമാര്‍ എന്നിവര്‍ മരംനടീലിന് നേതൃത്വം വഹിച്ചു.