സംവിധായകന്‍ എം.മോഹന്‍(77)നിര്യാതനായി.

കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഒരു വര്‍ഷം മുമ്പ് ഉണ്ടായ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1980കളില്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ട് സവിശേഷ സാന്നിധ്യം അറിയിച്ച സംവിധായകനായിരുന്നു മോഹന്‍.

വാടകവീട് (1978)ആണ് ആദ്യ സിനിമ. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.

നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷെ, സാക്ഷ്യം, മുഖം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 23 ചിത്രങ്ങളാണ് മോഹന്‍ ഒരുക്കിയത്.

2005 ലെ ക്യാമ്പസാണ് അവസാനത്തെ സിനിമ.

അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്.

ഉപാസന എന്ന ചിത്രത്തിന്റെ നിര്‍മാതാവും മോഹന്‍ ആണ്. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായും മോഹന്‍ പ്രവര്‍ത്തിച്ചു.

രണ്ടു പെണ്‍കുട്ടികളില്‍ മോഹന്‍ അവതരിപ്പിച്ച അനുപമയാണ് ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.