പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥിയുടെ ഫോണ്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍.

കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലത്തെത്തി ഷാഡോ പോലീസ് ചമഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും 18,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളയുകയും ചെയ്ത പ്രതി അറസ്റ്റില്‍.

കക്കാട് ശാദുലി പള്ളിക്ക് സമീപത്തെ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന സി.പി.സാജിറിനെ(24)യാണ് ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ 9.30 മണിയോടെ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലായിരുന്നു സംഭവം.

കണ്ണൂരില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുന്ന മാഹി റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന സലീമിന്റെ മകന്‍ മുഹമ്മദ് ഷഹീന്റെ (19) മൊബെല്‍ ഫോണ്‍ ആണ് തട്ടിയെടുത്തത്.

തുടര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കുകയും കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.