മധുപകര്‍ന്ന് മലര്‍ചൊരിഞ്ഞിട്ട് 53 വര്‍ഷം-മൂടല്‍മഞ്ഞ്@53

.1937-ല്‍ തൃശൂരില്‍ ഗോവിന്ദമേനോന്റേയും അമ്മുക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച സുദിന്‍മേനോന്‍ കഥാകൃത്തും നടനും സംവിധായകനുമാണ്.

വിദ്യാഭാസാനന്തരം സിനിമയേക്കുറിച്ച് പഠിക്കാനായി വളരെക്കാലം മുംബൈയിലായിരുന്നു.

രണ്ടു ഹിന്ദിചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. മൂടല്‍മഞ്ഞ്, നാഴികക്കല്ല്, പ്രപഞ്ചം എന്നീ മലയാളം സിനിമകളുടെ കഥയും തിരക്കഥയും എഴുതിയതിനു പുറമെ നിര്‍മ്മാണവും സംവിധാനം നിര്‍വ്വഹിച്ചു.

1978 ല്‍ കന്നഡയില്‍ വിഷ്ണുവര്‍ദ്ധനെ നായകനാക്കി പ്രതിമ എന്ന സിനിമയും സംവിധാനം ചെയ്തു.

മലയാള സിനിമക്ക് 3 ഉത്തരേന്ത്യന്‍ സംഗീതസംവിധായകരെ പരിചയപ്പെടുത്തിയത് സുദിന്‍ മേനോനാണ്.

1970 നവംബര്‍ 14 ന് 53 വര്‍ഷം മുമ്പ് റിലീസ് ചെയ്ത മൂടല്‍മഞ്ഞ് എന്ന സിനിമയിലൂടെ ഉഷാഖന്ന, 1970 ലെ നാഴികക്കല്ല് എന്ന സിനിമയില്‍ കനുഘോഷ്, 1971 ലെ പ്രപഞ്ചം എന്ന ചിത്രത്തിലൂടെ ദുലാല്‍സെന്‍.

ഇവര്‍ മൂവരും ഒരുക്കിയ ഗാനങ്ങള്‍ ഇന്നും മലയാള സിനിാ ഗാനശാഖയില്‍ വേറിട്ടുനില്‍ക്കുകയും പുതിയതലമുറപോലും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

മൂടല്‍മഞ്ഞ്-

1970 നവംബര്‍ 14 ന് ഇതേ ദിവസം 53 വര്‍ഷം മുമ്പാണ് മൂടല്‍മഞ്ഞ് റിലീസ് ചെയ്തത്.

പ്രേംനസീര്‍, വിന്‍സെന്റ്, ഷീല, അടൂര്‍ഭാസി, ജി.കെ.പിള്ള, പി.ജെ.ആന്റണി, കടുവാക്കുളം ആന്റണി, മധുബാല, കുമാരി തങ്കം, ടി.ആര്‍.ഓമന എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

സുദിന്‍ മേനോന്‍ കഥയും തിരക്കഥയും രചിച്ച സിനിമക്ക് സംഭാഷണം എഴുതിയത് പാറപ്പുറത്താണ്.

വാസുദേവന്‍ ക്യാമറയും ദേവദാസ് ചിത്രസംയോജനവും നിര്‍വ്വഹിച്ചു.

ഗണേഷ് ബസന്താണ് കലാസംവിധായകന്‍. എസ്.എ.സലാം, ശ്രീനി എന്നിവരാണ് പരസ്യ ഡിസൈനുകള്‍ ഒരുക്കിയത്.

വി.എസ്.പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ കോട്ടയത്തെ ജോസ് ഫിലിംസാണ് വിതരണം ചെയ്തത്.

കഥാസംഗ്രഹം

ഉഷയും(മധുബാല) രാജേഷും(പ്രേംനസീര്‍) കോളേജില്‍ സഹപാഠികളായിരുന്നു.

ഒരു കലാകാരന്‍ കൂടിയായിരുന്ന രാജേഷ് ഉഷയുമായി പ്രണയത്തിലായി.
ഒരുദിവസം കോളേജിലെ പരീക്ഷണശാലയില്‍ ഉണ്ടായ ഒരു പൊട്ടിത്തെറിയില്‍ പരിക്കേറ്റ് രാജേഷ് ആശുപത്രിയിലായി.

പൊള്ളി വികൃതവും ബീഭത്സവുമായി കഴിഞ്ഞിരുന്ന രാജേഷിന്റെ മുഖം കണ്ട് ഉഷ പിന്തിരിഞ്ഞു് ഓടി.

രാജേഷ് പിന്നാലെ ഓടിയപ്പോള്‍ ഭയചകിതയായ ഉഷ ഒരഗാധഗര്‍ത്തത്തില്‍ വീണു മൃതിയടഞ്ഞു.

ഉഷയെ കൊന്ന കുറ്റം ചുമത്തി രാജേഷ് ജയിലിലായി. ശിക്ഷാകാലാവധിക്കു ശേഷം പുറത്തുവന്ന രാജേഷ് പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനായി തന്റെ സൗന്ദര്യം വീണ്ടെടുത്തു.

ഒരുനാള്‍ രാജേഷ് ഗീതയെന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. ഗീത വികലാംഗയാരുന്നത് രാജേഷിന് ഒരു പ്രശ്‌നമേ ആയിരുന്നില്ല.
ഗീതയുടെ വേലക്കാരനായ ലോനപ്പന്(കടുവാക്കുളം) താന്‍ രാജേഷിനെ എവിടെയോവെച്ചു കണ്ടിട്ടുള്ളതായി ഒരു സംശയം ജനിച്ചു.

അയാള്‍ ആലോചിച്ചപ്പോള്‍ ഒരുകാലത്ത് തന്നോടൊപ്പം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് ബോധ്യമായി.

രാജേഷ് കൊലപ്പുള്ളിയായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള വിവരം ഗീതയേയും അവളുടെ മാതാപിതാക്കന്മാരായ ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖരന്‍ നായരേയും മാധവിയമ്മയേയും ലോനപ്പന്‍ അറിയിച്ചു.

ഗീതയ്ക്ക് അതു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ വിശ്വസിച്ചുമില്ല.

പക്ഷെ തെളിവുകള്‍ നിരത്തിവെച്ച ലോനപ്പനെ രാജേഷിന് എതിര്‍ക്കുവാന്‍ സാധിച്ചില്ല.

ഗീത രാജേഷിനെ വെറുത്തു തുടങ്ങി. അവന്‍ പലവിധത്തിലും ഗീതയെ സമാധാനപ്പെടുത്തുവാന്‍ പരിശ്രമിച്ചു.

പക്ഷെ ഗീത ഒരുവിധത്തിലും അടുത്തില്ല. നിരാശനായ രാജേഷ് ഒരുദിവസം ഗീതയെക്കൂട്ടി ഉഷ വീണു മരണമടഞ്ഞ സ്ഥലത്തെത്തി, കാര്യങ്ങള്‍ വിശദീകരിച്ചു.

ഗീതയുടെ സംശയങ്ങളുടെ മൂടല്‍മഞ്ഞ് നീങ്ങി. അവരിരുവരും ഒരുമിക്കുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.

ഗാനങ്ങള്‍-

മൂടല്‍മഞ്ഞ് എന്ന സിനിമ ഇന്നും ഓര്‍മ്മിക്കപ്പെടാന്‍ പ്രധാന കാരണം അതിലെ പാട്ടുകള്‍ തന്നെയാണ്.

പി.ഭാസ്‌ക്കരനാണ് ഗാനങ്ങള്‍ എഴുതിയത്.

ദീര്‍ഘകാലം മുംബൈയിലായതിനാല്‍ സുദിന്‍മേനോന്റെ ഇഷ്ട സംഗീതസംവിധായിക ഉഷാഖന്നയായിരുന്നു.

അക്കാലത്ത് ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന ഉഷാഖന്നയെ തന്റെ ആദ്യമലയാള സിനിമയിലേക്ക് ഏറെ സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് എത്തിക്കാന്‍ കഴിഞ്ഞത്.

മൂടല്‍ മഞ്ഞിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായെങ്കിലും ഹിന്ദി സിനിമകളിലെ തിരക്ക്കാരണം ഉഷാഖന്ന പിന്നീട് മലയാളത്തില്‍ വന്നത് 1991 ല്‍ എന്‍.ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത അഗ്നിനിലാവിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാനായിരുന്നു.

2002 ല്‍ പി.ജി.വിശ്വംഭരന്റെ പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ചയിലെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കി.

എന്നാല്‍ അവയൊന്നുംതന്നെ മൂടല്‍മഞ്ഞ് പോലെ സൂപ്പര്‍ഹിറ്റുകളായില്ല.

മൂടല്‍ മഞ്ഞിന് പശ്ചാത്തലസംഗീതം ഒരുക്കിയ കനുഘോഷാണ് നാഴികക്കല്ലിലെ ഗാനങ്ങള്‍ ഒരുക്കിയത്.

ഗാനങ്ങള്‍-

1-കവിളിലെന്തേ കുങ്കുമം-ബി.വസന്ത.

2-മാനസമണിവീണയില്‍-എസ്.ജാനകി.

3-മുകിലേ-എസ്.ജാനകി.

4-നീ മധുപകരു മലര്‍ചൊരിയൂ-യേശുദാസ്.

5-ഉണരൂവേഗം നീ-എസ്.ജാനകി.