സെക്സ് ലവേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവം-13 കാരിയുടെ ചിത്രം മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ചതിന് കേസ്.
പരിയാരം: 13 വയസുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പുവഴി പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
ചെറുതാഴം പഞ്ചായത്ത് പരിധിയിലെ പെണ്‍കുട്ടിയുടെ ഫോട്ടോകളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
അശ്ലീലപ്രേമികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിലേക്ക് കുട്ടിയുടെ അമ്മയുടെ ഫോട്ടോയും ഫോണ്‍നമ്പറും ആരോ പോസ്റ്റ്ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.
ഈ ഗ്രൂപ്പിലുള്ളവരാണ് ഇവരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
വൈരാഗ്യം തോന്നുന്ന സ്ത്രീകളുടെ ഫോണ്‍നമ്പറുകളും ഫോട്ടോയും ഈ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത് അപമാനിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
മൂന്നാഴ്ച്ച മുമ്പും സമാനമായ സംഭവത്തില്‍ അമ്മയുടെയും മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് കേസടുത്തിരുന്നുവെങ്കിലും ഇതേവരെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഇത്തരം കേസുകളില്‍ കാര്യമായ ഒരു അന്വേഷണവും നടത്താന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
സെക്സ് ചിത്രങ്ങളും ഫോട്ടോകളും വീഡിയോകളും കൈമാറുന്നതിന് മാത്രമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിട്ടില്ല.