ജീവനുള്ള അമ്മയെ വേണ്ടെന്ന് മക്കള്‍-മരിച്ചപ്പോള്‍ ഏറ്റുവാങ്ങി-

ഹരിപ്പാട്: വൃദ്ധമാതാവ് ആശുപത്രിയില്‍ അനാഥയായി മരിച്ചത് അഞ്ചുമക്കള്‍ ഊഴമിട്ടു സംരക്ഷിക്കാന്‍ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ കരാറുണ്ടാക്കി മണിക്കൂറുകള്‍ക്കകം.

ആരോഗ്യവകുപ്പില്‍നിന്നു നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മിഭവനില്‍ സരസമ്മ (74) യാണ് ബുധനാഴ്ച രാത്രി മരിച്ചത്.

സരസമ്മയ്ക്കു മൂന്ന് ആണും രണ്ടുപെണ്ണും ഉള്‍പ്പെടെ അഞ്ചുമക്കളുണ്ട്. അമ്മയെ നോക്കുന്നതിന്റെ പേരില്‍ മക്കള്‍ പരസ്പരം കലഹത്തിലായിരുന്നു.

ഒരു മകള്‍ പോലീസില്‍ പരാതിയും നല്‍കി. മറ്റുമക്കള്‍ അമ്മയെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം.

മക്കളെ വിളിച്ചു സംസാരിക്കാന്‍ ഹരിപ്പാട് പോലീസ് ശ്രമിച്ചു. അവര്‍ നിസ്സഹകരിച്ചതോടെ പോലീസ് അക്കാര്യം ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. യെ അറിയിച്ചു.

ആര്‍.ഡി.ഒ. എല്ലാ മക്കളെയും വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിവൃത്തിയില്ലാതെ, മക്കളുടെ പേരില്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു.

ബുധനാഴ്ച ഇവരില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്ത് ആര്‍.ഡി.ഒ. മുന്‍പാകെ ഹാജരാക്കി. നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മൂന്നുമാസംവീതം അമ്മയെ നോക്കാമെന്നു മക്കള്‍ സമ്മതിച്ചു.

എന്നാല്‍ രാത്രി 10 മണിയോടെ സരസമ്മ മരിച്ചു. സരസമ്മയ്ക്കു മാസം 13,500 രൂപ പെന്‍ഷനുണ്ട്. എന്നിട്ടും അമ്മയെ നോക്കുന്നതില്‍ മക്കള്‍ പരസ്പരം പഴിചാരുകയായിരുന്നെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. ബിജു പി. നായര്‍ പറഞ്ഞു.

ഞായറാഴ്ച മുതല്‍ ഇവര്‍ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവസാനമായി മക്കളെ കാണണമെന്നു അവര്‍ വാശിപിടിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന്, സര്‍ക്കാരിന്റെ വയോരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍.ഡി.ഒ. സരസമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. അബ്ദുള്‍ വാഹിദ് ആശുപത്രിയിലെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു.

ഇതിനിടെയാണ് ആര്‍.ഡി.ഒ. ബുധനാഴ്ച മക്കളെ വാറന്റയച്ചു വരുത്തിയത്. ഒരാള്‍ വിദേശത്തായതിനാല്‍ വാറന്റ് കൈപ്പറ്റിയില്ല.അമ്മയ്ക്കു മതിയായ സംരക്ഷണം നല്‍കിയിരുന്നെന്നു മൂത്തമകളുടെ ഭര്‍ത്താവ് പറഞ്ഞു.

മരണശേഷം നടത്തിയ പരിശോധനയില്‍ സരസമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാനടപടി സ്വീകരിച്ചശേഷം അഞ്ചുമക്കള്‍ക്കുമായി മൃതദേഹം വിട്ടുകൊടുത്തുകൊണ്ട് ആര്‍.ഡി.ഒ. ഉത്തരവിട്ടു. അവര്‍ മൃതദേഹം ഏറ്റുവാങ്ങി.

അമ്മയെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറായില്ല. അമ്മയെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകാത്തതിനാലാണ് മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് ചെയര്‍മാന്‍ എന്ന നിലയില്‍ നടപടി സ്വീകരിച്ചത്.

മക്കളെ വാറന്റയച്ചുവരുത്തി സംസാരിച്ച് സംരക്ഷണത്തിനുള്ള ധാരണയായിരുന്നുവെന്ന് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ജെസിക്കുട്ടി മാത്യു പറഞ്ഞു.