വാഹനാപകടത്തില്‍ മരണപ്പെട്ട യുവ എഞ്ചിനീയറുടെ കുടുംബത്തിന് ഒരു കോടി 43 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

തളിപ്പറമ്പ്: വാഹനാപകടത്തില്‍ മരണപ്പെട്ട യുവ എഞ്ചിനീയറുടെ കുടുംബത്തിന് ഒരു കോടി 43 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്.

തളിപ്പറമ്പ് വാഹനാപകട നഷ്ടപരിഹാര ട്രിബൂണല്‍ ജഡ്ജ് കെ.എന്‍ പ്രശാന്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2020 ഫെബ്രുവരി 20ന് പുലര്‍ച്ചെ മൂന്നുമണിക്ക് സേലത്തിനടുത്ത് അവിനാശിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാനത്തില്‍ ഞണ്ടന്റെവിട വീട്ടില്‍ സനൂപിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.

ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

അപകടത്തില്‍ സനൂപടക്കം 16 പേര്‍ മരണപ്പെട്ടിരുന്നു. ഒരു കോടി ഏഴ്‌ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി അറുന്നൂറ് രൂപയും 2020 മുതല്‍ എട്ട് ശതമാനം പലിശയും കോടതി ചിലവും ഉള്‍പ്പെടെ ഒരു കോടി 43 ലക്ഷത്തോളം രൂപ കുടുംബത്തിന് ലഭിക്കും.

ഹോസ്ദുര്‍ഗ് കോടതിയിലെ പ്രമുഖ അഭിഭാഷകനായ എ. മണികണ്ഠനാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായത്.