നമ്മുടെ ഉണ്ണിയേട്ടന്‍ വീണ്ടും അഭിനയരംഗത്ത്-ഓണനിലാചന്തത്തില്‍ വേഷമിടുന്നത് അരനൂറ്റാണ്ടിന് ശേഷം-

പിലാത്തറ: രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ എം.പി.ഉണ്ണികൃഷ്ണന് അരനൂറ്റാണ്ടിന് ശേഷം കലാരംഗത്ത് പുനര്‍ജനി.

ഓണനിലാ ചന്തം എന്ന സംഗീത ആല്‍ബത്തിലൂടെയാണ് ഈ രാഷ്ടീയക്കാരന്‍ പുതിയ തലമുറക്ക് തന്റെ കലാജീവിതം പരിചയപ്പെടുത്തുന്നത്.

എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലന്റെ സഹോദരി ഭര്‍ത്താവും കെ.പി.സി.സി. അംഗവുമായ കണ്ടോന്താറിലെ എം.പി.ഉണ്ണികൃഷ്ണന്റെ രാഷ്ടീയ ജീവിതവും കലാസപര്യയും തുടങ്ങുന്നത് സ്‌കൂള്‍ കാലഘട്ടത്തിലാണ്.

മാടായി ഗവ: ഹൈസ്‌കൂളില്‍ ലളിതസംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ കലോത്സവങ്ങളില്‍ നിറസാന്നിധ്യമായി.

പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്ന് സി.എല്‍.ജോസിന്റെ പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍, ഗാന്ധീവം, ജ്വലനം, യമലോകം തുടങ്ങി 25 നാടകങ്ങളില്‍ അഭിനയിച്ചു.

1967ല്‍ കെ.എസ്.യു.വിന്റെ താലൂക്ക് സെക്രട്ടറിയായി തുടങ്ങിയ രാഷ്ടീയ ജീവിതം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംഘടനകളുടെ മണ്ഡലം, ബ്ലോക്ക്, ജില്ലാ നേതൃപദവികളിലൂടെ തുടര്‍ന്ന് ഇപ്പോഴും സംസ്ഥാന നിരയില്‍ സക്രിയമാണ്.

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഏരിയ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിരുന്നു.

പഴയങ്ങാടി അര്‍ബ്ബന്‍ കോഓപ്പറേറ്റീവ് ബേങ്ക് ചെയര്‍മാനാണിപ്പോള്‍.

നന്മ കലാവേദിയുടെ ഓണനിലാചന്തം എന്ന സംഗീതആല്‍ബത്തിലാണ് മുഖ്യ വേഷമിടുന്നത്.

ബൈജു കാങ്കോല്‍ രചിച്ച് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകര്‍ന്ന് ഗോപിക പ്രസാദ് ആലപിച്ച ഗാനത്തിന് ചന്ദ്രമോഹന്‍ മാടായിയുടെ സംവിധാനത്തില്‍ കമല്‍നാഥ് പയ്യന്നൂര്‍ ദൃശ്യവിരുന്നൊരുക്കും.