മാഷ് മാറി ടീച്ചര്‍ വരുമ്പോള്‍–കൊളോണിയലിസ്റ്റ് ചിന്താസരണികള്‍ റാഡിക്കലായ ഒരു മാറ്റമല്ല.

     ഒടുവില്‍ അത് തന്നെ സംഭവിച്ചു, ഒരു വര്‍ഷം മുമ്പുതന്നെ പുകഞ്ഞുപടര്‍ന്ന കിംവദന്തികള്‍ സത്യമായി.

തളിപ്പറമ്പില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്യാമള ടീച്ചര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും.

ടീച്ചര്‍ ജയിക്കുകയും പിണറായി മൂന്ന് സംഭവിക്കുകയും ചെയ്താല്‍ മന്ത്രിയാവുമെന്നുള്ളതും ഉറപ്പാണ്.

ചില അസൂയമൂത്ത കുശുമ്പന്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ പടച്ചുവിടുന്നതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല.

സി.പി.എം മാത്രം ജയിക്കുന്ന നഗരസഭയായ ആന്തൂര്‍, പാര്‍ട്ടി ഭരണമുള്ള കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം പഞ്ചായത്തുകളും

യു,ഡി.എഫ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയും കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളും ചേര്‍ന്ന അസംബ്ലി മണ്ഡലത്തില്‍ നിന്ന് ടീച്ചര്‍ ജയിക്കുമെന്ന കാര്യത്തില്‍ സി.പി.എമ്മിന്റെ മുതലാളിമാര്‍ക്ക് യാതൊരുവിധ സംശയങ്ങളും ഇല്ല.

ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി മന്ത്രിയും പാര്‍ട്ടി സെക്രട്ടെറിയും എം.എല്‍.എയുമായി തുടര്‍ന്ന് കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എത്ര കോടിയുടേതാണെന്ന് മാഷിന് പോലും തിട്ടം കാണില്ല.

തളിപ്പറമ്പ് നഗരത്തില്‍ 30 ലക്ഷം രൂപയുടെ അത്യാധുനിക ബസ് ഷെല്‍ട്ടര്‍ മുതല്‍ എത്രയെത്ര വികസനങ്ങള്‍ നടന്നുവരികയാണ്.

അതിനൊക്കെ ഒരു പിന്തുടര്‍ച്ച ആവശ്യമല്ലേ എന്ന് മാഷ് ചിന്തിച്ചാല്‍ പിണറായിക്കും പാര്‍ട്ടിക്കും അതെങ്ങിനെ തള്ളിക്കളയാന്‍ പറ്റും.

ദോഷൈകദൃക്കുകളായ യു.ഡി.എഫുകാരും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും സി.പി.എമ്മുകാരെന്ന പേരില്‍ പടച്ചുവിടുന്ന സമൂഹമാധ്യമ വാറോലകള്‍ക്കൊന്നും പാര്‍ട്ടി ഒരു വിലയും കല്‍പ്പിക്കുന്നില്ല.

ഈ പാര്‍ട്ടിയേക്കുറിച്ച് നിങ്ങള്‍ക്കൊന്നും ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.

പാര്‍ട്ടി സെക്രട്ടെറി ഒഴിയുമ്പോള്‍ ഭാര്യ എം.എല്‍.എയും മന്ത്രിയുമാകും.

അത് കഴിഞ്ഞ് പാര്‍ട്ടി സെക്രട്ടെറി മുഖ്യമന്ത്രിയായാല്‍ ഭാര്യ ക്ലിഫ്ഹൗസിലെ വീട്ടമ്മയാവും.

വോട്ട് കുത്തെടാ എന്ന് പറഞ്ഞാല്‍ കുത്തുന്ന അനുസരണശേഷിയുള്ള അണികള്‍ ഉള്ളപ്പോള്‍ ഒരു വിധത്തിലുള്ള പേടിയുമില്ല.

ടീച്ചര്‍ മല്‍സരിക്കും ടീച്ചര്‍ ജയിക്കും, ടീച്ചര്‍ ഭരിക്കും.

നിങ്ങള്‍ വായിലെ വെള്ളം വറ്റിച്ചുകൊണ്ടിരുന്നോ, മൊബൈലില്‍ കുത്തിക്കൊണ്ടിരുന്നോ–ഇതൊന്നും റാഡിക്കലായ മാറ്റമല്ല.