എട്ട് ഷട്ടറുകള്‍ തുറന്നു-മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി-

ഇടുക്കി: നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എട്ട് ഷട്ടറുകള്‍ തുറന്നു.

60 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകല്‍ ഉയര്‍ത്തിയത്. ഇന്ന് ഉച്ച്ക്ക് 12 മണി മുതല്‍ രണ്ട് ഷട്ടറുകള്‍  കൂടി ഉയര്‍ത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ 2986 ക്യൂസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്. 12 മണി മുതല്‍ 995 ക്യൂസെക്‌സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3981 ക്യൂസെക്‌സ് ഇടുക്കിയിലേക്ക് ഒഴുക്കിവിടും.

ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

മുല്ലപ്പെരിയാര്‍ ഡാമില്‍ 139.5 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയരരുതെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

എന്നാല്‍ 139 അടി കടക്കുന്നതിന് മുമ്പ് തന്നെ തമിഴ്‌നാട് വെള്ളം ഒഴുക്കിവിടുകയാണ്.

ഇന്ന് രാവിലെ ഒന്‍പത് മണിക്ക് 138.95 അടിയായിരുന്നു ജലനിരപ്പ്.