17 ലക്ഷം ചെലവഴിച്ചു നവീകരിച്ചു, ശുചിമുറിക്ക് വാതില്‍ ഘടിപ്പിക്കാന്‍ പണമില്ലപോലും.

തളിപ്പറമ്പ്: ആനയെ വാങ്ങാന്‍ പണമുണ്ട്, തോട്ടി വാങ്ങാനില്ല എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കുന്നതാണ് തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയുടെ പുനര്‍നിര്‍മ്മാണം.

17 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നവീകരിച്ചത്. പൊട്ടിയ ടൈല്‍സുകള്‍ മുഴുവന്‍ മാറ്റി പുതിയത് പടിപ്പിച്ചു, പെയിന്റടിച്ചു, അത്യാവശ്യം വേണ്ട എല്ലാ നവീകരണങ്ങളും നടത്തി. എന്നാല്‍ നവീകരിച്ച ലൈബ്രറികെട്ടിടത്തിന് കണ്ണേറ് കൊള്ളുന്നത് തടയാനാണോ എന്ന് സംശയിക്കുന്ന വിധത്തില്‍ മാലിന്യം നിറഞ്ഞ ശുചിമുറി അതുപോലെ നിലനിര്‍ത്തിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

താഴ നിലയിലുള്ള ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് സമീപത്തെ കച്ചവടക്കാര്‍ അവരുടെ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനെതിരെ നേരത്തെ വാര്‍ത്തകളും വന്നിരുന്നു.

17 ലക്ഷം ചെലവഴിക്കുന്നതിനിടയില്‍ ഈ ശുചിമുറിയുടെ വാതിലെങ്കിലും പുന:സ്ഥാപിക്കുന്നതിന് എന്തായിരുന്നു തടസമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

വലിയ പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ഇവിടെ മാലിന്യം സൂക്ഷിക്കുന്നത് തുടരുകയാണ്. അടിയന്തിരമായി ശുചിമുറി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.