മുണ്ടേരി പഞ്ചായത്തില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കും

കണ്ണൂര്‍: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ജലജീവന്‍ മിഷനുമായി ചേര്‍ന്ന് 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നു.

ഇതിനായി ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 കോടി 72 ലക്ഷം രൂപ അനുവദിച്ചു.

മട്ടന്നൂര്‍ ചാവശ്ശേരിയിലെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള വെള്ളമാണ് ടാങ്കില്‍ സംഭരിക്കുക. തുടര്‍ന്ന് ഇവിടെ നിന്നും പഞ്ചായത്തിലെ കുടിവെള്ളം ലഭിക്കാത്തിടത്തേക്ക് എത്തിക്കും.

കുടിവെള്ള ടാങ്ക്, വീടുകളിലേക്കുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍, പൈപ്പ് സ്ഥാപിച്ചതിന് ശേഷമുള്ള റോഡിലെ അറ്റകുറ്റപണി, കുടിവെള്ള കണക്ഷന്‍ എന്നിവയ്ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുക.

പ്ലാന്റ് യാഥാര്‍ഥ്യമായാല്‍ പഞ്ചായത്തില്‍ പൈപ്പ്‌ലൈന്‍ വഴി കുടിവെള്ളം ലഭിക്കാത്തവര്‍ക്കും കിണറില്ലാത്തവരുമായ 4222 വീട്ടുകാര്‍ക്ക് ദിവസവും കുടിവെള്ളമെത്തിക്കാനാകും.

വീടുകളില്‍ നിലവിലുള്ള പൈപ്പ് ലൈനുകളും ഇതോടൊപ്പം പുതുക്കി സ്ഥാപിക്കും.

നിലവില്‍ കുടിവെള്ളം ലഭിക്കുന്ന വീടുകളിലെ പൈപ്പ്‌ലൈനുകള്‍ 20 വര്‍ഷം പഴക്കമുള്ളതാണ്.

മാച്ചേരി അയ്യപ്പന്‍ മലയില്‍ കണ്ണൂര്‍ സര്‍വോദയ സംഘം നല്‍കുന്ന 23 സെന്റ് സ്ഥലത്താണ് കുടിവെള്ള ടാങ്ക് നിര്‍മിക്കുക.

പദ്ധതിയുടെ ടെന്‍ഡര്‍ നടപടിയിലേക്ക് കടന്നതായി പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ അറിയിച്ചു.

പ്രവൃത്തി ആരംഭിച്ചാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.