സിപിഎം നഗരസഭക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ എംഎല്‍എ ഫണ്ട് അഴിമതി മറച്ചു വെക്കാന്‍ : മുര്‍ഷിത കൊങ്ങായി

തളിപ്പറമ്പ്: നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും സാമ്പത്തികബാധ്യതയില്ലാതെ നടത്തുന്ന വിപുലമായ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സിപിഎം അഴിമതി ആരോപിക്കുന്നത് എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി നഗരത്തില്‍ നടത്തുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതികളിലെ അഴിമതിയും ക്രമക്കേടും മൂടിവെക്കാന്‍ വേണ്ടിയാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ആരോപിച്ചു.

2017 മുതല്‍ നാഷണല്‍ ജംഗ്ഷന്‍ മുതല്‍ ചിറവക്ക് വരെ ഹൈവേ ഡിവൈഡറുകളില്‍ ലൈറ്റുകള്‍ സ്ഥാപിച്ച് സ്ഥാപിക്കാന്‍ ആവശ്യമായ ഭീമമായ തുകയും കരാര്‍ക്കാലത്ത് വേണ്ടിവരുന്ന അതിന്റെ പരിപാലന ചിലവും ഇലക്ട്രിസിറ്റി ബില്ലും ഉള്‍പ്പടെ വഹിക്കണമെന്ന വ്യവസ്ഥകളോടെ മുന്‍ ഭരണസമിതിയോട് കരാറില്‍ ഏര്‍പ്പെട്ട ആഡ് സ്റ്റാര്‍ എന്ന സ്ഥാപനത്തിന് സാധാരണ ചെയ്യുന്നതുപോലെ കരാര്‍ പുതുക്കി കൊടുത്തതിന്റെ പിന്നില്‍ അഴിമതി ആരോപിക്കുന്നത് പരിഹാസ്യമാണ്.

അന്ന് തുടങ്ങിവച്ച നഗര സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് താലൂക്ക് ഓഫീസ് റോഡ് മുതല്‍ കോര്‍ട്ട് റോഡിന്റെ അവസാന ഭാഗം വരെ ഹാന്‍ഡ് റെയിലും സേഫ്റ്റി റെയിലും സ്ഥാപിച്ച് ആധുനിക തെരുവിളക്കുകളും സൈന്‍ ബോര്‍ഡുകളും ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഹൈവേയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായതുകൊണ്ടാണ് അതിന്റെ പരിപാലന സ്ഥാപനമായ ആഡ് സ്റ്റാറിന് തന്നെ ഈ കരാറും നല്‍കിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് മേല്‍പ്പറഞ്ഞ എല്ലാ സജ്ജീകരണങ്ങളും ഒരുക്കേണ്ടതും ഭാവിയില്‍ വരുന്ന മുഴുവന്‍ മെയിന്റനന്‍സ് ഇലക്ട്രിസിറ്റി ചെലവുകള്‍ വഹിക്കേണ്ടതും ഈ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്.

നഗരസഭക്ക് ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യതയില്ലാത്ത പദ്ധതിയില്‍ അഴിമതി ആരോപിക്കുന്ന സിപിഎം കോടിക്കണക്കിനു രൂപയുടെ എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തി തളിപ്പറമ്പ് ഹൈവേയില്‍ നടപ്പാക്കുന്ന എം.എല്‍.എ പദ്ധതി നടത്തിപ്പിലെ അഴിമതിയും ക്രമക്കേടും വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കണം.

ഇതുപോലെ പരസ്യ സൗകര്യം ഏര്‍പ്പാടാക്കി കൊടുത്താല്‍ സൗജന്യമായി നിര്‍മ്മിക്കാവുന്ന ബസ് സ്റ്റാന്‍ഡ് മുന്നിലെ ബസ്‌റ്റോപ്പിന് എം.എല്‍.എ ചെലവഴിക്കുന്നത് 30 ലക്ഷം രൂപയാണ്.

ടെന്‍ഡര്‍ നടപടിപോലുമില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത് എന്തിനാണെന്ന് സിപിഎമ്മും എംഎല്‍എയും വ്യക്തമാക്കണം.

ഇത് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ഏറ്റവും വലിയ അഴിമതിയാണ്.

നാഷണല്‍ ജംഗ്ഷന്‍ മുതല്‍ ചിറവക്ക് വരെ മൂന്ന് കോടി രൂപയാണ് സൗന്ദര്യവല്‍ക്കരണത്തിന് വേണ്ടി എം.എല്‍.എ ചെലവഴിക്കുന്നത്.

ഇതില്‍ നിന്ന് ഒരു രുപ പോലും വരുമാനം ലഭിക്കുന്നില്ല എന്ന് മാത്രമല്ല അലങ്കാര ലൈറ്റുകളുടെ മെയിന്റനന്‍സ്,ഇലക്ട്രിസിറ്റി വാടക ഉള്‍പ്പെടെ ഭാരിച്ച ചിലവാണ് നഗരസഭക്ക് വരാന്‍ പോകുന്നത്.

തളിപ്പറമ്പ് ഹൈവേയില്‍ എംഎല്‍എ നടത്താന്‍ ഉദ്ദേശിക്കുന്ന സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നഗരസഭ ചെയ്യുന്നതുപോലെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെയ്യാെമെന്നിരിക്കെ അത് ചെയ്യാതെ ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതിന്റെ പിന്നിലുള്ള ദുഷ്ടലാക്ക് ജനം തിരിച്ചറിയും.

കഴിഞ്ഞ 8 വര്‍ഷമായി നിര്‍മ്മല്‍ ഭാരത് ട്രസ്റ്റുമായി ചേര്‍ന്ന് ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ച് തളിപ്പറമ്പ് നഗരസഭ നടത്തുന്ന മാലിന്യ ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കേരളം മാതൃകയാക്കണമെന്ന് പറഞ്ഞത് പിണറായി സര്‍ക്കാറാണ്

 എട്ടുവര്‍ഷം ഇതിനെതിരെ ഒന്നും മിണ്ടാത്ത സിപിഎം ഇപ്പോള്‍ ക്രമക്കേട് ആരോപിക്കുന്നത് ആസന്നമായ നഗരസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ്.

ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ഒരു രൂപ പോലും ചെലവില്ലാതെയാണ് തളിപ്പറമ്പ് നഗരസഭ മാലിന്യ ശേഖരണവും നീക്കവും നടക്കുത്തുന്നത്.

എന്നാല്‍ തൊട്ടടുത്ത ആന്തൂരില്‍ യൂസര്‍ ഫീക്ക് പുറമേ ഒരോ വര്‍ഷവും ലക്ഷങ്ങളാണ് മാലിന്യം നീക്കം ചെയ്യാന്‍ ആന്തൂര്‍ നഗരസഭ ചെലവിടുന്നത്.

നഗരസഭയുടെ അഭിമാന പദ്ധതിയായ ബഡ്‌സ് സ്‌കൂളിനെതിരെയുള്ള ആരോപണവും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വായില്‍ തോന്നിയത് പറഞ്ഞു ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കുന്നതിന് പകരം ആര്‍ജ്ജവം ഉണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കുവാന്‍ സി.പി.എം തയ്യാറാകണം.

കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ട് നഗരസഭയ്ക്ക് നല്‍കാതിരുന്നിട്ടും വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചതാണ് തളിപ്പറമ്പ് നഗരസഭ ഭരണസമിതിയുടെ പ്രവര്‍ത്തനമികവ്.

ഇതിന് ജനങ്ങള്‍ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറയുന്നതിനോടൊപ്പം ആസന്നമായ നഗരസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആസൂത്രിതമായി പ്രചരിപ്പിക്കുന്ന ഇത്തരം കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്.