അഞ്ച് കോടി രൂപയുടെ കസ്തൂരിയുമായി മൂന്നംഗസംഘം അറസ്റ്റില്‍

തളിപ്പറമ്പ്: അഞ്ച് കോടി രൂപയുടെ കസ്തൂരിയുമായി മൂന്നംഗസംഘം അറസ്റ്റില്‍.

തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്

ഡി.എഫ്.ഒ അജിത്ത് കെ രാമന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂര്‍ ചെറുപുഴ റോഡില്‍ പാടിയോട്ടുചാലിന് സമീപത്ത് നിന്ന് ആണ് കസ്തൂരി പിടികൂടിയത്.

പാടിയോട്ടുചാലിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുള്ള ആള്‍താമസമില്ലാതെ ഒരു പഴയ വീടിന് സമീപത്ത് നിന്ന് കസ്തൂരി മാനില്‍ നിന്നും ശേഖരിച്ച കസ്തൂരി പത്തനംതിട്ട സ്വദേശികള്‍ക്ക്

വില്‍പ്പനക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുഞ്ഞിമംഗലം കൊവ്വപ്രത്തെ റഹീമ മന്‍സിലില്‍ എം.റിയാസ്(35), പാടിച്ചാല്‍ ഞെക്ലിയിലെ കൊമ്മച്ചി ഹൗസില്‍ തെക്കെ പാറമ്മല്‍ ടി.പി.സാജിദ്(40), വയക്കര കുറ്റിക്കാട്ടൂര്‍ വീട്ടില്‍ കെ.ആസിഫ്(31) എന്നിവര്‍ പിടിയിലായത്.

പത്തനംതിട്ട സ്വദേശികള്‍ ഇത് വാങ്ങുന്നതിനായി പയ്യന്നൂരില്‍ ഇവരെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

5 കോടി രൂപയ്ക്ക് വില പറഞ്ഞ് ഉറപ്പിച്ചാണ് സംഘം വില്‍പ്പനയ്ക്കായി ഒരുങ്ങിയത്.

വന്യജീവി സംരക്ഷണ നിയമം 1972 ലെ ഷെഡ്യൂള്‍ ഒന്ന് എ യില്‍ പെട്ട് സംരക്ഷിച്ച് വരുന്ന കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്.

ഇത് മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികളുടെ മോഹ വിലയാണ് ഇതിന്റെ അനധികൃത വ്യാപാരികള്‍ നല്‍കുന്നത്.

കസ്തൂരിയുടെ മണമാണ് ഇതിന്റെ മോഹവിലയ്ക്ക് കാരണം. സാധാരണ കസ്തൂരി മാനുകളെ കാണുന്നത് ഹിമാലയന്‍ സാനുക്കളില്‍ ആണ്.

ഈ കുറ്റകൃത്യം പിടികൂടുന്നതിന് കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റര്‍ കെ. വി.ജയപ്രകാശന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ (ഗ്രേഡ്) കെ.ചന്ദ്രന്‍, പി.ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി. ഹരിദാസ്, ലിയാണ്ടര്‍ എഡ്വേര്‍ഡ്, കെ.വി.ശിവശങ്കര്‍, പി.പി.സുബിന്‍, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ ടി.പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.

കേസ് തുടര്‍ നടപടികള്‍ക്കായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി.

നിലമ്പൂരില്‍ നിന്നാണ് തങ്ങള്‍ക്ക് കസ്തൂരി ലഭിച്ചതെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്‍ പറഞ്ഞു.

ഉത്തര്‍ഖണ്ഡിലെ കേദാര്‍നാഥ് ഫോറസ്റ്റ് രേഞ്ചിലും ഹിമാലയത്തിന്റെ താഴ്‌വരയിലുമാണ് നിലവില്‍ കസ്തൂരി മാനുകളെ കാണപ്പെടുന്നത്.

അവിടെ നിന്നും കള്ളക്കടത്തായി നിലമ്പൂരില്‍ എത്തിച്ചതാണിതെന്ന് കരുതപ്പെടുന്നു.

പിടികൂടിയ സാമ്പിള്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയായിരിക്കും ഇത് ഒറിജിനലാണോ എന്ന് സ്ഥീരീകരിക്കുക.

കസ്തൂരിയുടെ തനതായ മണം പിടികൂടിയ കസ്തൂരിക്ക് ഉണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. വനവിഭവങ്ങളുടെ കള്ളക്കടത്തില്‍ ഏറ്റവും കൂടുതല്‍ വിപണനം നടക്കുന്നത് കസ്തൂരിയാണന്നും അദ്ദേഹം പറഞ്ഞു.