ആറ് ലക്ഷം മോഷ്ടിച്ചത് വളക്കടയുടമ തന്നെ–ഒടുവില്‍ ബാലകൃഷ്ണന്റെ കാരുണ്യത്താല്‍ കേസില്ലാതെ രക്ഷപ്പെട്ടു-
തളിപ്പറമ്പ്: മുയ്യം സ്വദേശിയുടെ ആറ്‌ലക്ഷം മോഷ്ടിച്ചത് വളക്കടയുടമ തന്നെ.
തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തെ ഇന്ത്യന്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്ന കടയില്‍ വളം വാങ്ങാന്‍ ചെന്നപ്പോഴാണ് ഫിബ്രവരി ഒന്നിന് വരഡൂല്‍ ചെക്കിയില്‍ ഹൗസില്‍ സി.ബാലകൃഷ്ണന്റെ(67) സ്ഥലം വിറ്റുകിട്ടിയ ആറ്‌ലക്ഷം രൂപ കടയില്‍വെച്ച് മറന്നത്.
ബസ്റ്റാന്റിലെത്തിയപ്പോഴാണ് പണം മറന്ന കാര്യം ബാലകൃഷ്ണന് ഓര്‍മ്മവന്നത്.
ഉടന്‍തന്നെ അവിടെ എത്തിയെങ്കിലും പണം ലഭിക്കാത്തതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടയില്‍ തളിപ്പറമ്പ് കോടതി റോഡിന് സമീപം ഉപേക്ഷിച്ച നിലയില്‍ 5 ലക്ഷം രൂപ ഫെബ്രുവരി 3 ന് രാവിലെ തിരിച്ചുകിട്ടുകയും ചെയ്തു.
പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് മുയ്യത്തെ എം.ടി.ബാലനും കോടതിക്ക് സമീപത്തെ ചായക്കച്ചവടക്കാരന്‍ കരുണാകരനും റോഡരികില്‍ നിന്ന് പണം ലഭിച്ചത്.
പണം ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതിന്റെ സി.സി ടി.വി.ദൃശ്യങ്ങള്‍ പിന്നീട് പോലീസിന് ലഭിച്ചിരുന്നു.
പണം കിട്ടിയത് തളിയില്‍ സ്വദേശിയായ കടയുടമക്ക് തന്നെയായിരുന്നുെവങ്കിലും അത് തിരിച്ചുകൊടുക്കാതെ കൈവശം വെക്കുകയായിരുന്നു.
പോലീസ് അന്വേഷണം ഊര്‍ജ്ജിതമായ ഘട്ടത്തിലാണ് ഒരുലക്ഷം എടുത്തശേഷം 5 ലക്ഷം ഉപേക്ഷിച്ചത്.
പക്ഷെ, കൂടുതല്‍ അന്വേഷണം പോലീസ് തുടരുന്ന സാഹചര്യത്തില്‍ വളക്കടയുടമ വരഡൂലിലെ ബാലകൃഷ്ണന്റെ വീട്ടില്‍ അനുരഞ്ജനത്തിന് എത്തുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
സംഭവം പോലീസ് കേസായതിനാല്‍ സ്‌റ്റേഷനില്‍ ഹാജരായി കുറ്റം ഏറ്റുപറഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
തനിക്ക് പരാതിയില്ലെന്ന് ബാലകൃഷ്ണന്‍ കോടതിയെ അറിയിച്ചതിനെതുര്‍ന്ന് കേസ് രാജിയാവുകയായിരുന്നു. ബാലകൃഷ്ണന് ഇതോടെ നഷ്ടപ്പെട്ട ആറ്‌ലക്ഷം രൂപയും തിരിച്ചുകിട്ടുകയും ചെയ്തു.
