നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തോടെ തെക്കേ കുന്നുമ്പ്രം-ഒരുമണിയോടെ 55 ശതമാനം പോളിങ്ങ്-

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ ഇടത് മുന്നണിക്കും, യു.ഡി.എഫിനും അഭിമാന പോരാട്ടമായ ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു.

ഉച്ചക്ക് 1 മണിക്ക് 55% പോളിങ്ങ് രേഖപ്പെടുത്തി. രാവിലെ പുരുഷന്മാരുടെ നീണ്ട ക്യൂ രൂപപ്പെട്ടെങ്കില്‍ 11 മണിയോടെ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടമായി എത്തി.

സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോവിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സംരക്ഷണത്തിലാണ് സ്‌ക്കൂളും പരിസരവും.

തിരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസര്‍ ടി.വി.സനില്‍കുമാര്‍ പോളിങ് സ്‌റ്റേഷനില്‍ വോട്ടെടുപ്പിന് വേണ്ട ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നു.

കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒട്ടേറെ ഉന്നത നേതാക്കള്‍ തന്നെ വോട്ടെടുപ്പ് കേന്ദ്രത്തിനടുത്ത് ക്യാമ്പ് ചെയ്താണ് യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്.

ഇടത് പക്ഷത്തിനായി ഏരിയ സിക്രട്ടറി എം.കെ.മുരളിയുടെ നേതൃത്വത്തില്‍ ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലാണ് വോട്ടെടുപ്പ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ മുതല്‍ വോട്ടര്‍മാര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നത് പ്രധാന എതിരാളികളായ ഇരുമുന്നണികളും പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.

കുടുംബശ്രീയിലെ സാമ്പത്തിക തിരിമറി വിവാദത്തെ തുടര്‍ന്ന് ഇടത് മുന്നണി മെമ്പര്‍ രാജാമണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഭരണകക്ഷിയായ ഇടത് മുന്നണിയും, യു.ഡി.എഫും 5 വീതം സീറ്റും, എസ്.ഡി.പി.ഐ. 4 എന്നതാണ് നില.

അതിനാല്‍ ഈ സീറ്റില്‍ ആരാണോ വിജയം നേടുന്നത് അവരായിരിക്കും പഞ്ചായത്ത് ഭരിക്കുക. ബി.ജെ.പി. മത്സര രംഗത്ത്

ഉണ്ടെങ്കിലും ഇവര്‍ക്ക് വാര്‍ഡില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.