തന്റെ രാഷ്ട്രീയസംശുദ്ധിക്ക് സ്വപ്‌ന മന:പ്പൂര്‍വ്വം കളങ്കമുണ്ടാക്കിയെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ കോടതിയില്‍ മൊഴി നല്‍കി.
തളിപ്പറമ്പ്: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരിട്ട് കോടതിയില്‍ ഹരജി നല്‍കി.
ഇന്ന് ഉച്ചതിരിഞ്ഞ് 2.40 ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് സാജിദ് അണ്ടത്തോട് തച്ചന്‍ മുമ്പാകെയാണ് അദ്ദേഹം മൊഴി നല്‍കിയത്.
ഏതാണ്ട് 20 മിനുട്ട് നേരമാണ് മജിസ്‌ട്രേട്ട് മുമ്പാകെ എം.വി.ഗോവിന്ദന്‍ മൊഴി നല്‍കിയത്.
ഐ.പി.സി. 500 പ്രകാരം ഒന്നും രണ്ടും പ്രതികളായ സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.നിക്കോളോസ് ജോസഫ് മുഖേനയാണ് അദ്ദേഹം കോടതിയില്‍ ഹരജി നല്‍കിയത്.
എം.വി.ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്‍മാറിയാല്‍ 30 കോടി രൂപ നല്‍കാമെന്നും ഇത് അനുസരിക്കാത്ത പക്ഷം കൊന്നുകളയുമെന്നും എം.വി.ഗോവിന്ദന്‍ വിജേഷ് പിള്ള വഴി പറഞ്ഞതായാണ് സ്വപ്ന ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചത്.
ഇത് സംബന്ധിച്ച പത്രവാര്‍ത്തകളും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
മൂന്ന് സാക്ഷികളുടെ പട്ടികയും നല്‍കിയതായി അഡ്വ.നിക്കോളാസ് പറഞ്ഞു.
ഈ മാസം 20ന് സാക്ഷി വിസ്താരംനടത്തിയതിന് ശേഷമായിരിക്കും പ്രതികള്‍ക്ക് നോട്ടീസ് അയക്കണമോ എന്ന് കോടതി തീരുമാനിക്കുക.
നേരത്തെ സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നെങ്കിലും ഈ എഫ്.ഐ.ആറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി ജഡ്ജി ബിച്ചു കുര്യന്‍ തോമസ് ആറ് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എം.വി.ഗോവിന്ദന്‍ നേരിട്ട് കോടതിയെ സമീപിച്ചത്.
ഇന്ന് കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴും എം.വി.ഗോവിന്ദനോടൊപ്പം ഏരിയാ സെക്രട്ടറി കെ.സന്തോഷ് കോടതിയിലെത്തിയിരുന്നു.