ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതി ഉദ്ഘാടനം ചെയ്യാനും ഞാന്‍ ബാധ്യസ്ഥന്‍-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

തളിപ്പറമ്പ്: ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിക്കാനന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

സര്‍സയ്യിദ് കോളേജ് സുവര്‍ണജൂബിലി സ്മാരകമായി നിര്‍മ്മിച്ച ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറൊക്കെ ഉദ്ഘാടനം ചെയ്യാന്‍ പോകണോ എന്ന സംശയം ചിലര്‍ ഉന്നയിച്ചിരുന്നു.

താഴെതട്ടിലുള്ള സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നതാണ് ബസ് ഷെല്‍ട്ടറുകള്‍, വികേന്ദ്രീകരണത്തിന്റെ താഴെ നിലയിലുള്ള വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ ഉദ്ഘാടനം ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഗവ.ആശുപത്രിക്ക് സമീപം റോഡിന്റെ ഇരുവശങ്ങളിലായിട്ടാണ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചത്.

2018 ല്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ ഉന്നയിക്കപ്പെട്ട ഒരു പരാതിയില്‍ അന്നത്തെ നഗരസഭാ ചെയര്‍മാനായിരുന്ന അള്ളാംകുളം മഹമ്മൂദാണ് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങിയത്.

സി.ഡി.എം.ഇ.എ (കേനന്നൂര്‍ ഡിസ്ട്രിക്ട് മുസ്ലിം എജ്യുക്കേഷണല്‍ അസോസിയേഷന്‍)യുടെ ജന.സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹം താലൂക്ക് വികസന സമിതി മുമ്പാകെ നല്‍കിയ വാഗ്ദാനമായിരുന്നു ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യപ്പെട്ട ഷെല്‍ട്ടറുകള്‍.

താലൂക്ക് ആശുപത്രി പരിസരത്തെ വാഹനാപകടങ്ങള്‍ തടയാന്‍ നേര്‍ക്കുനേരെയുള്ള ബസ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

അള്ളാംകുളം മഹമ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍,

സി.ഡി.എം.ഇ.എ പ്രസിഡന്റ് അഡ്വ.പി.മഹമ്മൂദ്, പ്രിന്‍സിപ്പാള്‍ ഡോ.ഇസ്മായില്‍ ഒലായിക്കര, സുവര്‍ണജൂബിലി ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഡോ.പി.ടി.അബ്ദുള്‍അസീസ് എന്നിവര്‍ പ്രസംഗിച്ചു.

ജോ.ആര്‍.ടി.ഒ വി.സാജു,  തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എം.കെ.ഷബിത, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, സി.മുഹമ്മദ് സിറാജ്, വ്യാപാരി നേതാവ് കെ.എസ്.റിയാസ് എന്നിവര്‍ പങ്കെടുത്തു.