വര്‍ഗീയശക്തികളെ ഉപയോഗിച്ച് ശക്തിവര്‍ദ്ധിപ്പിക്കാനുള്ള ആര്‍.എസ്.എസ് രഹസ്യനീക്കത്തെ നീക്കത്തെ കരുതിയിരിക്കണം-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

തളിപ്പറമ്പ്: കേരളത്തില്‍ വിവിധ വര്‍ഗീയ ശക്തികളെ ഉപയോഗപ്പെടുത്തി ശക്തി വര്‍ദ്ധിപ്പിക്കാനും ആധിപത്യം നേടാനും ആര്‍.എസ്.എസ്.രഹസ്യ നീക്കം നടത്തി വരികയാണെന്ന് സി.പി.എം.കേന്ദ്ര കമ്മറ്റി അംഗം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

നല്ല രാഷ്ട്രീയ ധാരണയോടെ ഓരോ മണിക്കൂറും ജനതയെ നവീകരിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥയായിരിക്കും കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്.

ഒരു വര്‍ഗീയതയെ ഉപയോഗിച്ച് മറ്റൊന്നിനെ നേരിടാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയശക്തികള്‍ തമ്മിലടിച്ചാല്‍ ഏതെങ്കിലുമൊന്നിന്റെ തകര്‍ച്ചയല്ല, ഇരു വിഭാഗവും വളരുകയാണ് ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങളെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടെ നയിക്കണം. കോണ്‍ഗ്രസും ബി ജെ പിയും പ്രതിനിധാനം ചെയ്യുന്ന വര്‍ഗലക്ഷ്യം ഒന്നു തന്നെയാണ്.

അടിത്തറചോര്‍ന്നു പോകുന്നതായി തിരിച്ചറിഞ്ഞതാണ് കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായത്.

സോവിയറ്റ് റഷ്യയിലെ തകര്‍ച്ച കേരളത്തിലെ പാര്‍ട്ടി പഠിക്കേണ്ടതുണ്ട്. നിരന്തരം നവീകരിക്കപ്പെടാതെ ജനതക്ക് നിലനില്‍പ്പ് ഉണ്ടാവില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സിപിഎം തളിപ്പറമ്പ് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങളെ ഉപയോഗിക്കുന്നതില്‍ വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാവണം. ഇപ്പോള്‍ ഈ രംഗത്ത് നടന്നു വരുന്നത് അനഭിലഷണീയമായ പ്രവണതയാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂവോട് എ.കെ.ജി.സ്‌റ്റേഡിയത്തിലെ പി വാസുദേവന്‍ നഗറില്‍ രാവിലെ മുതിര്‍ന്ന നേതാവ് കെ.കൃഷ്ണന്‍ പതാക ഉയര്‍ത്തി.

ടി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി.മുകുന്ദന്റെ അധ്യക്ഷതയില്‍ കെ.സന്തോഷ് രക്തസാക്ഷി പ്രമേയവും കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പി.മുകുന്ദന്‍, ഒ.സുഭാഗ്യം, സി.അബ്ദുള്‍ കരീം, എന്‍.അനൂപ് എന്നിവരാണ് പ്രസീഡിയം.

രണ്ടുദിവസത്തെ സമ്മേളനത്തില്‍ 14 ലോക്കലുകളില്‍നിന്നുള്ള പ്രതിനിധികളും ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 171 പേര്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.പ്രകാശന്‍, ടി.വി.രാജേഷ്, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, ടി.ഐ. മധുസൂതനന്‍ എം.എല്‍.എ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍,

ഏരിയാ സെക്രട്ടറി കെ.സന്തോഷ്, പി.കെ.ശ്യാമള, കെ.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നാളെ വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം പി വാസുദേവന്‍ നഗറില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.