അറുപത് വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ ഒരിക്കല്‍പോലും വിവാദങ്ങളില്‍പെടാത്ത അത്യപൂര്‍വ്വ വ്യക്തിത്വം
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: സി.പി.എം സംസ്ഥാന സെക്രട്ടെറി പദവിയിലേക്ക് ഉയര്‍ന്ന എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ അറുപത് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കല്‍പോലും വിവാദങ്ങളില്‍ പെടാത്ത അത്യപൂര്‍വ്വ വ്യക്തിത്വം.
ബാലസംഘത്തിലൂടെ സംഘടനാരംഗത്തും സിപി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടെറിയായി രാഷ്ട്രീയത്തിലും തുടക്കംകുറിച്ച ഗോവിന്ദന്‍മാസ്റ്റര്‍ കഴിഞ്ഞ അറുപത് വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും ഒരിക്കല്‍പോലും വിവാദങ്ങളുടെ നിഴല്‍ പോലും തീണ്ടിയിട്ടില്ല.
എല്ലായ്‌പ്പോഴും പാര്‍ട്ടിയിലെ കീഴ്ഘടകങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കിയ എം.എല്‍.എയും മന്ത്രിയുമായിരുന്നു എം.വി.ഗോവിന്ദന്‍മാസ്റ്റര്‍.
1996 ലും 2001 ലും തളിപ്പറമ്പില്‍ നിന്ന് എം.എല്‍.എ ആയപ്പോഴും 2021 ല്‍ മന്ത്രി ആയപ്പോഴും ആ നയത്തില്‍ മാറ്റം വരുത്തിയില്ല.
സാമ്പത്തിക ഇടപാടുകളിലും പോലീസ് സ്‌റ്റേഷനുകളിലും അനാവശ്യമായി ഒരിക്കല്‍ പോലും ഇടപെടാത്ത ഗോവിന്ദന്‍ മാസ്റ്റര്‍ സി.പി.എമ്മില്‍ ക്രിമിനലുകളുമായി ഒരുതരം ബന്ധവും പുലര്‍ത്താത്ത കണ്ണൂര്‍ ജില്ലാ സെക്രട്ടെറിയുമായിരുന്നു.
കമ്യൂണിസ്റ്റ് കാര്‍ക്കശ്യം തുടര്‍ന്നുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരോട് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളുമായി ബന്ധപ്പെട്ട് ശരിയായ മാര്‍ഗത്തിലൂടെവരുന്ന ആവശ്യങ്ങള്‍ മാത്രമേ പരിഗണിക്കാനാവൂ എന്ന് തുറന്നുപറഞ്ഞിരുന്നു.
ഇതുകൊണ്ട് തന്നെയാണ് ഒരിക്കല്‍പോലും ഒരുവിധത്തിലുള്ള വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതിരുന്നത്.
വ്യക്തിബന്ധത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ താനുമായി ബന്ധപ്പെടുന്നവരേക്കുറിച്ച് സ്വയം വിലയിരുത്തല്‍ മാത്രമേ നടത്താറുള്ളൂ.
ആരെങ്കിലും ആരുടെയെങ്കിലും വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന് തുനിഞ്ഞാല്‍ അത് കേള്‍ക്കാന്‍പോലും അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നില്ല.
മന്ത്രിയായി ചുമതലയേറ്റശേഷം തളിപ്പറമ്പില്‍ തന്നെ ക്ഷണിക്കുന്ന എത്ര ചെറിയ പരിപാടിയിലും പങ്കെടുക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
സര്‍സയ്യിദ് കോളേജ് ആലുംനി അസോസിയേഷന്റെ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഏത് ചെറിയ സംരംഭമായാലും ഉദ്ഘാടനം ചെയ്യുകയെന്നത് തന്റെ കര്‍ത്തവ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഗോവിന്ദന്‍ മാസ്റ്റര്‍ അതുകൊണ്ടുതന്നെ ഉയര്‍ന്ന പദവികളിലേക്ക് ഇനിയും നടന്നുകയറുമെന്ന പ്രതീക്ഷയിലാണ് തളിപ്പറമ്പുകാര്‍.
75 വര്‍ങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കരിമ്പം ഗ്രാമവികസന പരിശീലനകേന്ദ്രത്തെ കിലയുടെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുകയും വികസനവും ആസൂത്രണവുമായി
ബന്ധപ്പെട്ട അപൂര്‍വ്വ കോഴ്‌സുകളുള്ള കോളേജ് സ്ഥാപിച്ച് ലോകത്തിലെ തന്നെ മാതൃകാ സ്ഥാപനമായും മാറ്റുകയും ചെയ്തു. 15 മാസത്തെ മന്ത്രിപദവികൊണ്ട് ഗോവിന്ദന്‍ മാസ്റ്ററുടെ തൊപ്പിയിലെ തിളങ്ങുന്ന തൂവലായി തന്നെ അത് മാറുകയും ചെയ്തു.
