ബദല്‍ പദ്ധതികളാണ് സി.പി.എമ്മിനെ തുടര്‍ഭരണത്തിലേക്ക് നയിച്ചത്-എം.വി.ജയരാജന്‍- പയ്യന്നൂര്‍ ഏരിയാ സമ്മേളനം തുടങ്ങി.

പയ്യന്നൂര്‍: ബദല്‍ വികസന പദ്ധതികള്‍ നടപ്പാക്കിയതാണ് തുടര്‍ഭരണത്തിലേക്ക് സിപിഎമ്മിനെ നയിച്ചതെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.

പയ്യന്നൂര്‍ ഏരിയ സമ്മേളനം മഹാദേവഗ്രാമത്തിലെ ടി ഗോവിന്ദന്‍ നഗറില്‍ (വൃന്ദാവന്‍ ഓഡിറ്റോറിയം) ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങളെക്കാള്‍ വികസനം നടപ്പിലാക്കിയാണ് സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തിയത് 77,000 തൊഴിലവസരങ്ങളാണ് പുതിയ സര്‍ക്കാര്‍ സൃഷ്ടിച്ചത്.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വികസന കാഴ്ചപ്പാടോടെ മുന്നോട്ട് നീങ്ങുന്ന സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ജനസംഖ്യാനുപാതികമായി ഫണ്ട് അനുവദിക്കുന്നില്ല, ധന ഉത്തരവാദിത്വത്തിന്റെ പേരില്‍ വിദേശ വായ്പ അനുവദിക്കുന്നില്ല, പദ്ധതികള്‍ സമര്‍പ്പിക്കുമ്പോള്‍ വിരുദ്ധനയം സ്വീകരിക്കുന്നു.

അര്‍ദ്ധ അതിവേഗ റെയില്‍, കെ ഫോണ്‍ തുടങ്ങിയ സംസ്ഥാനചിത്രം തന്നെ മാറ്റി വരക്കുന്ന പദ്ധതികളില്‍ ബി ജെ പി യും കോണ്‍ഗ്രസും ഒറ്റക്കെട്ടായാണ് സര്‍ക്കാറിനെതിരെ നീങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം

പെട്രോള്‍ ഡീസല്‍ വില കുറക്കുന്നതിനായി വില നിര്‍ണ്ണയ അവകാശം കോപ്പറേറ്റുകളില്‍ നിന്ന് എടുത്തു മാറ്റിയുള്ള നയം മാറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ക്കൊള്ളേണ്ടതെന്നും തുടര്‍ന്ന് പറഞ്ഞു.

12 ലോക്കലുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 19 ഏരിയ കമ്മിറ്റിയംഗങ്ങളുമടക്കം 169 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

262 ബ്രാഞ്ചുകളിലായി 6060 അംഗങ്ങളാണ് പയ്യന്നൂര്‍ ഏരിയയില്‍ ഉള്ളത്.

സമാപന സമ്മേളനം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.