ഇരുപതാംവര്‍ഷത്തിലും നാരായണന്‍കുട്ടി എത്തി, ഇത്തവണ സഹായിയായി കൊച്ചുമകളും.

തളിപ്പറമ്പ്: മുത്തച്ഛന്റെ ദൗത്യത്തില്‍ സഹായിയാവാന്‍ ഇത്തവണ കൊച്ചുമകളും. പതിവ് തെറ്റിക്കാതെ ഇരുപതാം വര്‍ഷവും ഗാന്ധിപ്രതിമ ശൂചീകരിക്കാന്‍ പി.വി.നാരായണന്‍കുട്ടി എത്തി.

2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്ത തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ മഹാത്മാഗാന്ധി പ്രതിമ ഗാന്ധിജയന്തി ദിനത്തിന് തലേന്നാള്‍ കഴുകി വൃത്തിയാക്കി മാല ചാര്‍ത്തുക എന്നത് ഒരു നിയോഗംപോലെ ഏറ്റെടുത്ത വ്യക്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഗാന്ധിയനുമായ തൃച്ചംബരത്തെ പി.വി.നാരായണന്‍കുട്ടി.

ജവഹര്‍ ബാല്‍ മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ചെയര്‍മാനായ ഇദ്ദേഹം ശാരീരിക അവശതകള്‍ക്കിടയിലും ഒരു അനുഷ്ഠാനം പോലെ ഈ വര്‍ഷവും ഗാന്ധി പ്രതിമ ശുചീകരിച്ച് പുതിയ മാല ചാര്‍ത്തി.

72കാരനായ നാരായണന്‍കുട്ടിക്ക് നിരവധി ശാരീരികപ്രശ്‌നങ്ങളുള്ളതിനാല്‍ ഗാന്ധിപ്രതിമ ശുചീകരണത്തിന് എത്താനാവുമോ എന്ന ആശങ്കയിലായിരുന്നു അദ്ദേഹം.

മുത്തച്ഛന്റെ വിഷമം മനസിലാക്കിയാണ് ഇത്തവണ ആദ്യമായി കൊച്ചുമകള്‍ ശ്രാവണയും മുത്തച്ഛനെ സഹായിക്കാനെത്തിയത്.

മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന് പൊതുപ്രവര്‍ത്തന രംഗത്ത് ചെറുപ്പത്തില്‍ തന്നെ സജീവമായ ശ്രാവണ തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനിയാണ്.

സ്റ്റുഡന്റ് പോലീസ് കാഡറ്റുകൂടിയായ ശ്രാവണ സംസ്ഥാന ക്യാമ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാനതല വെയിറ്റ്‌ലിഫ്റ്റിംഗ് മല്‍സരത്തില്‍ വെള്ളിമെഡലും ശ്രാവണ നേടിയിട്ടുണ്ട്.