ഒപ്പും ശമ്പളവും മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ സ്വകാര്യനിൽ-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജനെതിരെ വ്യാപക പരാതി.
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ച് ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതായി ആക്ഷേപം. വാഹനാപകടകേസുകൾ ഉൾപ്പെടെ മംഗളൂരുവിലേക്ക് റഫർ ചെയ്യുകയാണ്. ഇതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജനകീയാരോഗ്യവേദി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുയാണ്.
കഴിഞ്ഞ മൂന്നാഴ്ചയായി മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗത്തിൽ ഒരൊറ്റ സർജറിപോലും നടക്കുന്നില്ല. എന്നാൽ മെഡിക്കൽ കോളേജ് രജിസ്റ്ററിൽ ഒപ്പിട്ട് ന്യൂറോ സർജൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നിർബാധം നടത്തുകയും ചെയ്യുന്നു.
വ്യാപക പരാതി ഉയർന്നതോടെ മെഡിക്കൽ കോളേജ് അധികൃതർ ന്യൂറോ സർജനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, അസിസ്റ്റ് ചെയ്യാൻ ആളില്ലാതെ സർജറി നടത്താനാവില്ലെന്നാണ് സർജൻ നൽകിയ മറുപടി.
ന്യൂറോ സർജൻ ആശുപത്രിയിൽ വന്ന് ഒപ്പിടുകയും കൃത്യമായി ശമ്പളം കൈപ്പറ്റുകയും ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിൽ പോയി ശസ്ത്രക്രിയ നടത്തുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജനകീയാരോഗ്യവേദി കൺവീനർ എസ്. ശിവസുബ്രഹ്മണ്യൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ന്യൂറോ സർജറി വിഭാഗത്തെ തകർക്കാനുള്ള നീക്കം അനുവദിക്കരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നാഴ്ചയ്ക്കിടെ റഫർ ചെയ്തത് 24 പേരെ
മൂന്നാഴ്ച്ചയായി 24 പേരെയാണ് മെഡിക്കൽ കോളേജിൽ നിന്നും മറ്റ് ആശുപത്രികളിലേക്ക് ശസ്ത്രക്രിയക്കായി ന്യൂറോ സർജൻ റഫർ ചെയ്തത്. വിവരം ഡി.എം.ഇ ഉൾപ്പെടെയുള്ള ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതേവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.