പുതിയ പാര്‍ലമെന്റ് മന്ദിരം മെയ്-28 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രിയെ ക്ഷണിച്ചു.

രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയായ അതിവിശാലമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ലോക്‌സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 300 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാകും.

സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായി 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.

970 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസതൃതിയില്‍ നിര്‍മിച്ച നാലു നില കെട്ടിടത്തില്‍ 1,224 എംപിമാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ മൂന്ന് വാതിലുകളാണുള്ളത് – ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍. ഇതുകൂടാതെ എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കും വെവ്വേറെ എന്‍ട്രികളുമുണ്ട്.

രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍മിച്ച ഭരണഘടനാ ഹാള്‍ ആണ് മറ്റൊരു ആകര്‍ഷണം.

അതിനുപുറമെ എംപിമാര്‍ക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികള്‍ എന്നിവയും പുതിയ മന്ദിരത്തിലുണ്ട്.

ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകളായ എഡ്വിന്‍ ല്യുട്ടന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും രൂപകല്‍പ്പന ചെയ്തതാണ് ഇന്ത്യയുടെ ഇപ്പോഴുളള പാര്‍ലമെന്റ് മന്ദിരം.

96 വര്‍ഷമായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളമായ ഈ കെട്ടിടത്തില്‍ നിന്ന്, രാജ്യം പുതിയൊരു മന്ദിരത്തിലേക്ക് വാതില്‍ തുറക്കുകയാണ്.

പുതിയ മന്ദിരം തുറക്കുന്നതോടെ , പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.