മന്ത്രി ഇടപെട്ടു-പുഷ്പഗിരി ഗാന്ധിനഗറിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും.

തളിപ്പറമ്പ്: പുഷ്പഗിരി ഗാന്ധിനഗര്‍ പ്രദേശത്തുകാരുടെ വര്‍ഷങ്ങളായുള്ള പരാതികളില്‍ പരിഹാരത്തിന് വഴി തെളിയുന്നു.

ഇവിടെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വാട്ടര്‍ടാങ്ക് പണിയണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ജലവിഭവ വകുപ്പ്

മന്ത്രി റോഷി അഗസ്റ്റിന്‍ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പുഷ്പഗിരി ഗാന്ധിനഗര്‍ വികസന സമിതി വളരെ വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു.

തളിപ്പറമ്പ് നഗരസഭയിലെ 11-ാം വാര്‍ഡായ പുഷ്പഗിരി മുതല്‍ പരിയാരം പഞ്ചായത്തിലെ ആറാം വാര്‍ഡിലും കിഴക്ക് ഭാഗത്തുള്ള

കുറുമാത്തൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലുമാണ് ഉയര്‍ന്ന പ്രദേശമായതിനാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരമുള്ള വെള്ളം ലഭിക്കാതിരിക്കുന്നത്.

ഇവിടെ പുതിയ വാട്ടര്‍ടാങ്ക് പണിതാല്‍ മാത്രമേ പരിഹാരം കാണാനാവുകയുള്ളൂവെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ തന്നെ പറയുന്നത്.

ഇവിടെ ഏറ്റെടുത്ത 2 ഏക്കര്‍ 9 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തി പുതിയ വാട്ടര്‍ ടാങ്ക് പണിയണമെന്നാണ് വികസനസമിതിയുടെ നിര്‍ദ്ദേശം.

വികസന സമിതി പ്രസിഡന്റ് എ.സി.മാത്യുവിന്റെ നേതൃത്വത്തില്‍ താലൂക്ക് വികസന സമിതിയില്‍ ഉള്‍പ്പെടെ ഇത് സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിച്ചിരുന്നു.

കേരളാ കോണ്‍ഗ്രസ് നേതാവ് ടി.എസ്.ജയിംസ് മുന്‍കൈയെടുത്ത് കേരളാ കോണ്‍ഗ്രസ് ജില്ലാ ജന.സെക്രട്ടറി സജി കുറ്റിയാനിമറ്റം മുഖേന

മന്ത്രി റോഷി അഗസ്റ്റിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അടിയന്തിര ഇടപെടലിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.