ആയുര്‍വേദ കോളേജ്: പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ പുതുതായി നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നവംബര്‍ 24 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും.
സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 6.62 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മൂന്ന് നിലകളുള്ള പുതിയ ലേഡീസ് ഹോസ്റ്റലിന്റെ പണി പൂര്‍ത്തിയായ താഴത്തെ നിലയുടെ ഉദ്ഘാടനത്തോടൊപ്പം ഒന്നാം നിലയുടെ നിര്‍മ്മാണോദ്ഘാടനവും നടക്കും.
കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജില്‍ വിവിധ കോഴ്‌സുകളില്‍ പഠനം നടത്തുന്ന 450 പേരില്‍ 360 പെണ്‍കുട്ടികളാണുള്ളത്.
നിലവിലുള്ള ലേഡീസ് ഹോസ്റ്റലില്‍ 200 ലധികം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്.
പെണ്‍കുട്ടികളുടെ പുതിയ ഹോസ്റ്റലിന്റെ ഉദ്ഘാടനം ചെയ്യുന്ന താഴത്തെ നിലയിലെ പതിനാറ് മുറികള്‍ അന്‍പതിലധികം വിദ്യാര്‍ത്ഥിനികളുടെ താമസത്തിന് സൗകര്യപ്പെടുന്നതാണ്.
മൂന്നു നിലയുള്ള പുതിയ ലേഡീസ് ഹോസ്റ്റല്‍ പ്രവൃത്തി പൂര്‍ത്തിയാവുമ്പോള്‍ മുഴുവന്‍ ബി എ എം എസ് വിദ്യാര്‍ത്ഥിനികള്‍ക്കും താമസിക്കാന്‍ സാധിക്കും.
കല്യാശ്ശേരി എം.എല്‍.എ. എം.വിജിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മുന്‍ എം എല്‍ എ ടി.വി. രാജേഷ്, ജനപ്രതിനിധികള്‍,
സംഘടനാ ഭാരവാഹികള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ആയുര്‍വേദ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ.ഹരികൃഷ്ണന്‍ തിരുമംഗലത്ത്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.സിന്ധു എന്നിവര്‍ സംബന്ധിക്കും.
