സര്‍ക്കാറിനെതിരെ സമരവുമായി എന്‍.ജി.ഒ യൂണിയന്‍-മെയ്-15 മുതല്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഭരണപക്ഷ അനുകൂല സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ സര്‍ക്കാറിനെതിരെ സമരത്തിന്.

സര്‍ക്കാര്‍ സ്ഥാപനമായി 6 വര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജിലെ മുഴുവന്‍ ജീവനക്കാരെയും സര്‍ക്കാര്‍ ജീവനക്കാരാക്കുന്ന നടപടി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

സര്‍ക്കാര്‍ ജീവനക്കാരാക്കാത്തതിനാല്‍ സര്‍ക്കാര്‍ ശമ്പളമോ മറ്റ് ആനുകുല്യങ്ങളോ ജീവനക്കാര്‍ക്ക് കിട്ടുന്നില്ല.

മെഡിക്കല്‍ കോളജ് സഹകരണസംഘത്തിനു കീഴിലായിരുന്നപ്പോള്‍ ലഭിച്ചിരുന്ന ആനുകൂല്യം പോലും ഇവര്‍ക്കില്ല.

സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കിട്ടാത്തതും പ്രതിസന്ധിയാണ്.

സര്‍ക്കാര്‍ ഏറ്റെടുത്ത് 6 വര്‍ഷം കഴിഞ്ഞിട്ടും നേരത്തെ സഹകരണ മേഖലയില്‍ അനുവദിച്ച ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്.

സര്‍ക്കാര്‍ ഏറ്റെടുത്തശേഷം ജീവനക്കാരെ സര്‍ക്കാര്‍ മേഖലയിലാക്കുന്ന നടപടി പൂര്‍ത്തിയാക്കാത്തതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ ശമ്പള പരിഷ്‌കരണം മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയില്ല.

എന്നാല്‍ സഹകരണ മേഖലയിലെ ശമ്പളപരിഷ്‌കരണവും ലഭിക്കുന്നില്ല. അതിനാല്‍ 6 വര്‍ഷം മുമ്പ് സഹകരണ മേഖലയില്‍ നടപ്പാക്കിയ ശമ്പള സ്‌കെയില്‍ ശമ്പളമാണ് ഇപ്പോഴും കിട്ടുന്നത്.

നഴ്‌സിങ്ങ് വിഭാഗത്തിലുള്ളവരെയും ഡോക്ടര്‍മാരെയും മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരാക്കിയത്.

എന്നാല്‍ ഇവര്‍ക്ക് മുന്‍കാല സര്‍വീസ് പരിഗണിക്കാത്തതിനാല്‍ ശമ്പളത്തില്‍ വലിയ തോതില്‍ കുറവുണ്ട്.

സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ നല്‍കാത്തത് മൂലം ഏറ്റെടുക്കലിനു ശേഷം ഒട്ടേറെ ജീവനക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് രാജിവച്ചു.

നീണ്ട അവധിയില്‍ പോയവരുമുണ്ട്. ഇത് ചികിത്സയെ പ്രതികൂലമായി ബാധി ക്കുന്നുണ്ട്.

നിരവധി സമരങ്ങള്‍ നടത്തിയിട്ടും നിവേദനങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ ഗത്യന്തരമില്ലാതെയാണ് ഭരണകക്ഷിയായ എന്‍.ജി.ഒ യൂണിയന്‍ മെഡിക്കല്‍ കോളജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ 15 മുതല്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം സമരം നടത്താന്‍ തീരുമാനിച്ചത്.

പ്രശ്‌നം പരിഹകിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് എന്‍.ജി.ഒ യൂണിയന്‍ പരിയാരം ഏരിയാ സെക്രട്ടെറി പി.ആര്‍.ജിജേഷ് പറഞ്ഞു.