തളിപ്പറമ്പില്‍ ഇതാ ഒരു വെള്ളാന എല്‍.എ(എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ്
തളിപ്പറമ്പ്: ആറുവരി ദേശീയപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും സ്ഥലമെടുപ്പിനായി 2012 ല്‍ ആരംഭിച്ച ഓഫീസിനെ വെള്ളാനയായി മാറ്റി പ്രവര്‍ത്തനം
തുടരുന്നതായി ആക്ഷേപം.
നിലവില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്‍.എ(എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലും തഹസില്‍ദാര്‍ ഓഫീസിലുമായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടുത്തൂണ്‍ പറ്റി വിരമിച്ച വയോധികരായ മൂന്നുപേരും ഇടത്
സര്‍വീസ് സംഘടന നേതാക്കളുടെ ബന്ധുക്കളും ചാര്‍ച്ചക്കാരുമായ നാലുപേരും ഉള്‍പ്പടെ ഏഴുപേരാണ് താല്‍ക്കാലികമായി ജോലി ചെയ്യുന്നത്.
ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ക്ക് ശമ്പളം ഇനത്തില്‍ പ്രതിമാസം നല്‍കിവരുന്നത്. ഇവരില്‍ ഉന്നത തസ്തികകളില്‍ നിന്ന് വിരമിച്ച വയോധികരായ ജീവനക്കാര്‍ വല്ലപ്പോഴും മാത്രം ഓഫീസില്‍ ഹാജരായി വരാത്ത ദിവസത്തെ ഒപ്പിട്ട് പോലും ശമ്പളം പറ്റുന്ന വിവരം നാട്ടില്‍ പാട്ടാണ്.
സര്‍വീസ് സംഘടനകളിലെ ചിലരുടെ ബന്ധുക്കളേയും ഉന്നത ഉദ്യോഗസ്ഥരെ മണിയടിക്കുന്നവരെയുമാണ് താല്‍ക്കാലിക തസ്തികകളില്‍ ഇത്തരത്തില്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് പരാതി.
സര്‍ക്കാരിന്റെ നിയമന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നാലുപേരുടെയും നിയമനം നടന്നതെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വ്യക്തമായിട്ടുണ്ട്.
ഇതില്‍ ഒരു വനിത ജീവനക്കാരി ജോലി ഒഴിവാക്കി രണ്ട് മാസക്കാലം വിദേശത്തേക്ക് പോയി തിരികെ വന്ന് വീണ്ടും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജോലിക്ക് കയറിയിട്ടുണ്ട്.
ഒരു ജോലിയും ചെയ്യാതെയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നാണ് ആക്ഷേപം.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനം നടത്തിയവരെ വലിയ ശമ്പളം നല്‍കി നിലനിര്‍ത്തുന്ന വെള്ളാനപദ്ധതിക്കെതിരെ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായി വിവരാവകാശകൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു.
നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ക്ക് തന്നെ ചെയ്തുതീര്‍ക്കാവുന്ന ജോലി മാത്രമേ ഉള്ളൂവെങ്കിലും ഏഴുപേരെ ഇപ്പോഴും നിലനിര്‍ത്തുന്നത് ദുരൂഹമാണെന്ന് പരാതിയില്‍ പറയുന്നു.

