സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു.

തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്.

യുട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി നല്‍കി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയില്‍ രാമകൃഷ്ണന്‍ പറയുന്നത്. അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു.

‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല്‍ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല’- എന്നായിരുന്നു സത്യഭാമ അഭിമുഖത്തില്‍ പറയുന്നു.

കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.