പഴയപാട്ടുകള്‍ കോര്‍ത്തിണക്കി സംഗീതസദ്യയൊരുക്കി ആയിപ്പുഴ പത്മനാഭന്‍

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: ഇഷ്ടപ്പെട്ട പഴയ പാട്ടുകള്‍ കോര്‍ത്തിണക്കി സൂഹൃത്തുക്കളേയും നാട്ടുകാരെയും ക്ഷണിച്ച് സംഗീത സദ്യയൊരുക്കി ആയിപ്പുഴ പത്മനാഭന്‍.

ഗുജറാത്ത് വോള്‍ട്ടാസ് കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥനായ ഇദ്ദേഹം നന്നെ ചെറുപ്പം തൊട്ടുതന്നെ സംഗീതാസ്വാദകനായിരുന്നു.

പരിയാരം കുറ്റ്യേരി സ്വദേശിയായ പത്മനാഭന്‍ വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം.

75 കാരനായ അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായിരുന്നു തനിക്കിഷ്ടപ്പെട്ട പഴയ ഗാനങ്ങളുടെ സ്റ്റേജ് അവതരണം. സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും നാട്ടുകാരെയും ക്ഷണിച്ചുവരുത്തി തന്റെ അഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് പത്മനാഭന്‍.

ശനിയാഴ്ച്ച രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടരവരെയാണ് നരിക്കോട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ ഗാനമാല എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

കണ്ണൂര്‍ മ്യൂസിക് ലൈവ് എന്ന ഗായകസംഘമാണ് പത്മനാഭന് ഇഷ്ടപ്പെട്ട പാട്ടുകളൊരുക്കാന്‍ എത്തിയത്.

1982 വരെയുള്ള തമിഴ്, മലയാളം ഹിന്ദി ഗാനങ്ങളാണ് അവതരിപ്പിച്ചത്.

തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ 1962-63 ലെ എസ്.എസ്.എല്‍.സി ബാച്ചില്‍ പെട്ട പത്മനാഭന്റെ സഹപാഠികള്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് പരിപാടിക്ക് എത്തിയിരുന്നു.

ക്ഷണിച്ചവരെ കൂടാതെ കേട്ടറിഞ്ഞവരും പരിപാടി ആസ്വദിക്കാനെത്തി.

പത്മനാഭന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പരിപാടിയില്‍ പങ്കെടുത്തു. ഒരു വര്‍ഷത്തെ തയ്യാറെടുപ്പാണ് കഴിഞ്ഞ ദിവസം നരിക്കോട് ഗ്രീന്‍ലാന്റില്‍ സാര്‍ത്ഥകമായത്.

ഗാനമേള ആസ്വദിക്കാനെത്തിയ എല്ലാവര്‍ക്കും ചായയും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

സംഗീതവിരുന്നിനായി 55,000 രൂപയോളം ഇദ്ദേഹം സ്വന്തം കയ്യില്‍ നിന്ന് മുടക്കിയിരുന്നു.

പാട്ടുകള്‍ ആരുടേതായാലും ആസ്വദിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമിലില്ലെന്ന് പറയുന്ന പത്മനാഭന് ഏറ്റവും ഇഷ്ടപ്പെട്ട ഗായകന്‍ അന്നും ഇന്നും ബാലമുരളീകൃഷ്ണയാണ്.

കാലം അനുവദിക്കുകയാണെങ്കില്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ കോര്‍ത്തിണക്കി ഇനിയും സംഗീതസദ്യ ഒരുക്കുമെന്നും പത്മനാഭന്‍ പറഞ്ഞു.