ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി.
തൃച്ചംബരം മംഗള റോഡ് പാരിജാതിലെ പി.രാജീവ് മേനോന്റെ പരാതിയില്‍ എളമ്പേരംപാറ തൗഫീഖ് മന്‍സില്‍ പി.മുഹമ്മദ് ഹാസിഫ്(24), മലപ്പുറം വായൂര്‍ കോട്ടുപാടം സി.വി.ആദില്‍മുബാറക്(24), പി.മുഹമ്മദ് റാഷിദ്(27), മലപ്പുറം പെരിന്തൊടിപ്പാടം എം.എം മുഹമ്മദ് സബാഹ്(22), നടുവില്‍ കോളിക്കല്‍ പുതിയ പുരയില്‍ കെ.ഇ അജ്‌നാസ്(20) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി, എസ്‌ഐ കെ.ദിനേശന്‍, ഉദ്യോഗസ്ഥരായ കെ.അഷ്‌റഫ്, ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജുഡി, കൊറിയന്‍ ലേഡി ഇംഗ്ലണ്ട് എന്നീ വിലാസങ്ങളിലാണ് ഇവര്‍ രാജീവ് മേനോനുമായി ബന്ധപ്പെട്ടത്.
2023 നവംബര്‍ 23 മുതല്‍ 2024 ഫെബ്രുവരി 21 വരെയായി പത്ത് അക്കൗണ്ടുകളിലേക്കായി 14.80 ലക്ഷം രൂപ നിക്ഷേപിപ്പിച്ചു. പിന്നീട് ഇവരുടെ വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് രാജീവ് മേനോന്‍ പരാതി നല്‍കിയത്.
തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കളുടെ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ത്രീകളുടെയും മറ്റും ശബ്ദത്തിലാണ് ഇവര്‍ പരാതിക്കാരനുമായി സംസാരിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സബാഹിന്റെ അക്കൗണ്ടിലേക്ക് മാത്രമായി 84,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തി.
ഈ അക്കൗണ്ട് പരിശോധിച്ചപ്പോള്‍പ്പോള്‍ 42.70 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായും കണ്ടെത്തി.
ഇതേ രീതിയില്‍ മറ്റ് പലരെയും കബളിപ്പിച്ചതിലൂടെ വന്ന പണമാണിതെന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ളവര്‍ ഈ അക്കൗണ്ടില്‍ നിന്ന് നേരിട്ടും ചെക്ക് ഉപയോഗിച്ചും പണം പിന്‍വലിക്കുകയായിരുന്നു.
പിന്നീട് ഈ അക്കൗണ്ടിന് വേണ്ടി ഉപയോഗിച്ച സിം കാര്‍ഡും പാസ് ബുക്കും ഇടുക്കി രാജാക്കാട് ഉള്ള മറ്റൊരാള്‍ക്ക് ബസില്‍ കൊടുത്തയച്ചതായും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.