11 മണിവരെ ഡോക്ടറെ കാണിച്ചാല്‍മതി–ഇവിടെ കോവിഡാണ്-

പരിയാരം: ഒ.പി.രജിസ്‌ട്രേഷന്‍ സമയം വീണ്ടും വെട്ടിച്ചുരുക്കി, രോഗികള്‍ വലയുന്നു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടായിരുന്ന 12 വരെയുള്ള ഒ.പി.രജിസ്‌ട്രേഷന്‍ സമയമാണ് 11 വരെയാക്കി ചുരുക്കിയത്.

ഇതുകാരണം ദൂരെസ്ഥലങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍, പ്രത്യേകിച്ച് വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ജില്ലയിലെ ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പാവപ്പെട്ട രോഗികളടക്കം ഡോക്ടറെ കാണാനാവാതെ തിരിച്ചുപോകുകയാണ്.

ഇത് രോഗികളും ഒ പി കൌണ്ടര്‍ ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കങ്ങള്‍ക്കിടയാക്കുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സമയക്രമം മാറ്റിയതെന്ന് രോഗികള്‍ പറയുന്നു.

കോവിഡിന്റെ പേരിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗികഭാഷ്യം.

എന്നാല്‍ സര്‍ക്കാര്‍ തന്നെ എല്ലാ നിയന്ത്രണങ്ങളിലും അയവ് വരുത്തുകയും വര്‍ക്ക്ഫ്രം ഹോം വരെ ഒഴിവാക്കുകയും ചെയ്തഘട്ടത്തിലാണ് ഈ തലതിരിഞ്ഞ നടപടിയെന്നാണ് ആക്ഷേപം.

നേരത്തെ മനുഷ്യാവകാശകമ്മീഷനില്‍ പരിയാരത്തെ പൊതുപ്രവര്‍ത്തകന്‍ കെ.പി.മൊയ്തു നല്‍കിയ പരാതിയില്‍ ഉച്ചക്ക്

ശേഷം രണ്ടുവരെയെങ്കിലും സമയം ദീര്‍ഘിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും കോവിഡിന്റെ പേര് പറഞ്ഞ് പൂര്‍ണ്ണമായും പാലിക്കപ്പെട്ടില്ല.

അതിനിടയിലാണ് ഒ.പി.സമയം വീണ്ടും വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.