ഓര്‍ത്തോവിഭാഗത്തിനും വേണ്ടിവരുമോ സാര്‍ എല്ലോപ്പറേഷന്‍-
Report- കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തില്‍ അഞ്ച് മേജര്‍ ശസ്ത്രക്രിയകള്‍ മുടങ്ങി.
ഓപ്പറേഷന് ഏറ്റവും ആവശ്യമായ സി-ആം മെഷീന്‍ കേടായതാണ് ഓപ്പറേഷന്‍ മുടങ്ങാനിടയായതെന്നാണ് അധികൃതരുടെ വിശദീകരണം.
ചില മൈനര്‍ ഓപ്പറേഷനുകള്‍ മാത്രമാണ് ഇന്ന് ഓര്‍ത്തോ വിഭാഗത്തില്‍ നടന്നത്.
രണ്ട് വര്‍ഷം മുമ്പ് 23 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ മെഷീന്‍ ഇടക്കിടെ പണിമുടക്കുന്നതായി ഡോക്ടര്‍മാര്‍ക്ക് പരാതിയുണ്ട്.
നിലവില്‍ പ്രമുഖരായ ചില ഡോക്ടര്‍മാര്‍ രാജിവെച്ചുപോയ ഓര്‍ത്തോ വിഭാഗത്തില്‍ നേരത്തെ രണ്ട് യൂണിറ്റുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാംകൂടി ഒരു യൂണിറ്റായാണ് പ്രവര്‍ത്തിക്കുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒ.പിയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ശസ്ത്രക്രിയകളുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയും സി.ആം മെഷീന്‍ പണിമുടക്കിയതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു.
ശനിയാഴ്ച്ചക്ക് ശേഷം അടുത്ത ഓപ്പറേഷന്‍ ദിവസമായ ഇന്നും സി-ആം മെഷീന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളേജിലെ പല ചികില്‍സാ വിഭാഗങ്ങളിലും ഒട്ടുമിക്ക ഉപകരണങ്ങളും കാലപ്പഴക്കം കാരണം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികള്‍ വര്‍ദ്ധിച്ചുവരികയാണ്.