തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് പ്രാണവായു-അഞ്ച് വര്‍ഷമായി അടച്ചിട്ട ഓക്‌സിജന്‍ പ്ലാന്റ് ഈ മാസം തന്നെ തുറക്കും.

തളിപ്പറമ്പ്: പ്രാണവായു കിട്ടാന്‍ ഇനി തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് ബുദ്ധിമുട്ടുണ്ടാവില്ല.

കോവിഡ് കാലത്ത് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍എം.എല്‍.എ പ്രക്യേക താല്‍പര്യമെടുത്ത് ഒന്നേമുക്കാല്‍ കോടി രൂപചെലവില്‍ പണിത ഓക്‌സിജന്‍ പ്ലാന്റ് പണി പൂര്‍ത്തീകരിച്ചുവെങ്കിലും നിസാരമായ കാരണങ്ങളുടെ പേരില്‍ സാങ്കേതിക തടസം പറഞ്ഞ് കഴിഞ്ഞ 5 വര്‍ഷത്തോളമായി അടച്ചുപൂട്ടിയ നിലയിലായിരുന്നു.

പി.കെ.സുബൈറിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ തളിപ്പറമ്പ് നഗരസഭയുടെ ഭരണസമിതിയാണ് അടിയന്തിര പ്രാധാന്യത്തോടെ ഓക്‌സിജന്‍ പ്ലാന്റ് തുറക്കാന്‍ നടപടികള്‍ സ്വീകരിച്ചത്.

ഇതിന് വേണ്ടിവരുന്ന 50,000 രൂപ ആശുപത്രി വികസനസമിതിയുടെ ഫണ്ടില്‍ നിന്ന് ഉപയോഗിക്കാന്‍ ഇന്നലെ നടന്ന ആശുപത്രി എച്ച്.എം.സി യോഗം തീരുമാനിച്ചു.

ഫിബ്രവരി മാസത്തില്‍ തന്നെ ഓക്‌സിജന്‍ പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ വാര്‍ഡുകളിലും ഓപ്പറേഷന്‍ തിയേറ്ററുകളിലും ഉള്‍പ്പെടെ നേരിട്ട് പ്രാണവായു എത്തിക്കാന്‍ കഴിയും.

ഇപ്പോള്‍ സിലിണ്ടറുകളില്‍ നിറച്ച ഓക്‌സിജനാണ് ആശുപത്രിയില്‍ ഉപയോഗിക്കുന്നത്.

പ്രാണവായു ആവശ്യമായി വരുന്ന രോഗിക്ക് ബെഡിനരികെയുള്ള വാല്‍വ് തുറക്കുന്നതോടെ ഇനി ഓക്‌സിജന്‍ ലഭിക്കും.

എച്ച്.എം.സി യോഗത്തിന് ശേഷം ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, എച്ച്.എം.സി.അംഗം എ.അബ്ദുള്ളഹാജി, വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ ചെറുകുന്നോന്‍, നഗരസഭ ആസൂത്രണസമിതി അംഗം എം.കെ.മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് സന്ദര്‍ശിച്ചു.