ശുചീകരണ തൊഴിലാളിയില്‍ നിന്നും ലൈബ്രറി ചുമതലക്കാരനായി പച്ച ലക്ഷ്മണന്‍ വിരമിക്കുന്നു.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: ശുചീകരണ തൊഴിലാളിയില്‍ നിന്ന് ലൈബ്രറി ചുമതലക്കാരനിലേക്ക് ഉയര്‍ന്ന പച്ച ലക്ഷ്മണന്‍ വിരമിക്കുന്നു.
മെയ്-31 ന് 60-ാം വയസില്‍ വിരമിക്കുന്നതിന്റെ മുന്നോടിയായി ലക്ഷ്മണന്‍ ഇന്നലെ മുതല്‍ അവധിയില്‍ പ്രവേശിച്ചു.
തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശിയായ ലക്ഷ്ണന്‍ 2003 ലാണ് തളിപ്പറമ്പ് നഗരസഭയില്‍ കണ്ടിജന്റ് ജീവനക്കാരനായത്.
ജോലിക്കിടയില്‍ വീഴ്ച്ച സംഭവിച്ച് ശാരീരികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് പുസ്തകങ്ങളെ സ്നേഹിച്ച ലക്ഷ്മണനെ നഗരസഭാ അധികൃതര്‍ ലൈബ്രറിയിലേക്ക് മാറ്റിയത്.
സ്ഥിരം ലൈബ്രേറിയന്‍ ഇല്ലാത്തതിനാല്‍ ലൈബ്രറി തുറക്കാനോ പുസ്തകങ്ങള്‍ വിതരണം ചെയ്യാനോ സാധിക്കാതെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ലക്ഷ്മണനെ ഇവിടേക്ക് നിയോഗിച്ചത്.
എസ്.എസ്.എല്‍.സി വരെ മാത്രം പഠിച്ച ലക്ഷ്മണന് ലൈബ്രറി സയന്‍സിന്റെ ബാലപാഠങ്ങള്‍ പോലും അറിയാതിരുന്നിട്ടും ചെറുപ്പത്തില്‍ തന്നെ പുസ്തകങ്ങളെ സ്നേഹിച്ചതിനാല്‍ കഴിഞ്ഞ 6 വര്‍ഷമായി വളരെ മികച്ച രീതിയില്‍ ലൈബ്രറിയെ മുന്നോട്ടുനയിക്കാന്‍ സാധിച്ചു.
ഭൗതിക സാഹചര്യങ്ങള്‍ മോശമായ ലൈബ്രറി കെട്ടിടത്തിന്റെ നവീകരണം 17 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചതും ഇക്കാലയളവിലാണ്.
വളരെ കൃത്യവും കാര്യക്ഷമവുമായി ലൈബ്രറിയെയും പുസ്തകങ്ങളെയും പരിപാലിച്ച ലക്ഷ്മണന്‍ എന്ന വായനക്കാരുടെ പ്രിയപ്പെട്ട ലക്ഷ്മണേട്ടന്‍ വിരമിക്കുന്നതോടെ സ്ഥിരം ലൈബ്രേറിയനില്ലാത്തതിനാല്‍ വായനക്കാര്‍ ആശങ്കയിലാണ്.
പതിനായിരത്തിലേറെ പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ പത്രങ്ങളും മാഗസിനുകളും ലഭിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച നഗരസഭാ ലൈബ്രറിയായി തളിപ്പറമ്പ് ലൈബ്രറിയെ നിലനിര്‍ത്തിയാണ് പച്ച ലക്ഷ്മണന്‍ പടിയിറങ്ങുന്നത്.
ഇപ്പോള്‍ മുയ്യത്തെ വാടക വീട്ടില്‍ താമസിക്കുന്ന ലക്ഷ്മണന്റെ ഭാര്യ: ഗീത. മക്കള്‍: അതുല്‍, അഭിനവ്, ദേവിക.