മലയാളത്തിലെ ജനപ്രിയ എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ രചനകള്‍ക്ക് ഇപ്പോഴും വായനക്കാരുണ്ട്.
അദ്ദേഹത്തിന്റെ ഒരു കുടയും കുഞ്ഞുപെങ്ങളും പോലുള്ള രചനകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
75 നോവലുകളാണ് മുട്ടത്തുവര്‍ക്കി രചിച്ചത്.
ഇതിന് പുറമെ കഥകളും നിരവധി. മുട്ടത്തുവര്‍ക്കിയുടെ നോവലുകളെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട സിനിമകളെക്കുറിച്ച് പറയാതെ മലയാള സിനിമയുടെരിത്രം തയ്യാറാക്കാനാവില്ല.
1957 ല്‍ പി.സുബ്രഹ്‌മണ്യം നീലാ പ്രൊഡക്ഷന്‍സിന് വേണ്ടി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ജയില്‍പുള്ളിയാണ് ചലച്ചിത്രമാക്കപ്പെട്ട മുട്ടത്തുവര്‍ക്കിയുടെ ആദ്യ നോവല്‍.
ഇതിന്റെ തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ രചിച്ചു.
തുടര്‍ന്ന് പാടാത്ത പൈങ്കിളി, മറിയക്കുട്ടി, പൂത്താലി, കൃസ്തുമസ് രാത്രി എന്നീ സിനിമകളും സുബ്രഹ്‌മണ്യം സംവിധാനം ചെയ്തു.
61 ല്‍ റിലീസായ കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ജ്ഞാനസുന്ദരിയാണ് ശ്രദ്ധിക്കപ്പെട്ട രചന.
പട്ടുതൂവാല, ഇണപ്രാവുകള്‍, സ്ഥാനാര്‍ത്ഥി സാറാമ്മ, കടല്‍, വെളുത്ത കത്രീന, ചട്ടമ്പിക്കവല, ലൈന്‍ബസ്, കരകാണാക്കടല്‍, ലോറാ നീ എവിടെ, മയിലാടുംകുന്ന്, തെക്കന്‍കാറ്റ്, പച്ചനോട്ടുകള്‍, അഴകുള്ള സെലീന, പൂന്തേനരുവി, നാത്തൂന്‍, പ്രിയമുള്ള സോഫിയ തുടങ്ങി 22 സിനിമകള്‍.
1990 ല്‍ ടി.എസ്.സുരേഷ്ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ മുട്ടത്തുവര്‍ക്കിയുടെ വേലി എന്ന നോവലൈറ്റിന്റെ ചലച്ചിത്രരൂപമാണ്.
നിര്‍മ്മാതാവായ കെ.പി.കൊട്ടാരക്കര അദ്ദേഹത്തിന്റെ സ്വന്തം കഥകള്‍ മാത്രമേ ചലച്ചിത്രമാക്കാറുള്ളൂ.
എന്നാല്‍ 1973 ല്‍ 50 വര്‍ഷം മുമ്പ് റിലീസ് ചെയ്ത എ.ബി.രാജ് സംവിധാനം ചെയ്ത പച്ചനോട്ടുകള്‍ മുട്ടത്തുവര്‍ക്കിയുടെ പ്രശസ്തമായ നോവലാണ്.
തിരക്കഥയും വര്‍ക്കിയുടേത് തന്നെ. സംഭാഷണം എഴുതിയത് കെ.പി.കൊട്ടാരക്കര.
പശ്ചാത്തലസംഗീതം പി.എസ്.ദിവാകര്‍. ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ വിമലാ റിലീസാണ് പ്രദര്‍ശനത്തിനെത്തിച്ചത്.
പി.ബി.മണിയാണ് ക്യാമറ, കെ.ശങ്കുണ്ണി എഡിറ്റര്‍. ഡിസൈന്‍ എസ്.എ.നായര്‍. പ്രേംനസീര്‍, അടൂര്‍ഭാസി, വിജയശ്രീ,റാണിചന്ദ്ര, കൊട്ടാരക്കര ശ്രീധരന്‍നായര്‍, ജോസ് പ്രകാശ്, ശങ്കരാടി, കടുവാക്കുളം, ഗോവിന്ദന്‍കുട്ടി, പോള്‍ വെങ്ങോല, സാധന, ടി.പി.രാധാമണി, പ്രേമ, ഖദീജ, സി.ആര്‍.ലക്ഷ്മി, ലീല എന്നിവരാണ് മുഖ്യവേഷത്തില്‍.